കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘റീമല്‍’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതല്‍ 135 കീലോമിറ്റർ വേഗതയിലാകും റീമല്‍ കരതൊടുക.
ബംഗ്ലാദേശ്-പശ്ചിമ ബംഗാള്‍ തീരത്ത് സാഗർ ദ്വീപിനും ഖേപുപാറയ്ക്കുമിടയിലാവും കരയില്‍ പ്രവേശിക്കുക എന്നാണ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. റീമല്‍ ചുഴലിക്കാറ്റിന്‍റെ ശക്തി മറ്റന്നാളോടെ കുറയും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മീൻ പിടിക്കാൻ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിന് റീമല്‍ ചുഴലിക്കാറ്റ് കാര്യമായ ഭീഷണി ഉയർത്തില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാദ്ധ്യതയുണ്ട്. കേരളത്തില്‍ ഇന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുന്നുണ്ട്. അതേസമയം, മദ്ധ്യകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യുന മർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തിന്റെ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ദുർബലമായതോടെ ഇന്നലെ സംസ്ഥാനത്ത് മഴ കുറവായിരുന്നു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയുണ്ടാുമെന്നാണ് മുന്നറിയിച്ച്. അതിനിടെ ഇന്നലെ മഴക്കെടുതിയില്‍ ഒരാള്‍ കൂടി മരിച്ചു. വെള്ളിയാഴ്ച രാവിലെ കോട്ടയം ആർപ്പൂക്കര കൈപ്പുഴമുട്ടില്‍ ഹൗസ് ബോട്ടില്‍ നിന്ന് വെള്ളത്തില്‍ വീണ് കാണാതായ കുമരകം സ്വദേശി അനീഷിന്റെ (46) മൃതദേഹമാണ് ഇന്നലെ ലഭിച്ചത്.
യെല്ലോ അലർട്ട്
യെല്ലോ അലർട്ട് ഇന്ന്: പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകളില്‍.
അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
തെക്കൻ തമിഴ്‌നാട് തീരത്ത് (കുളച്ചല്‍ മുതല്‍ കിലക്കരെ വരെ) ഇന്ന് രാത്രി 11.30 വരെ 2.9 മുതല്‍ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത യുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) ഇന്നലെ അറിയിച്ചിരുന്നു. വടക്കൻ തമിഴ്‌നാട് തീരത്ത് (പോയിൻറ് കാലിമർ മുതല്‍ പുലിക്കാട്ട് വരെ) ഇന്ന് രാത്രി 11.30 വരെ 2.9 മുതല്‍ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.