സ്കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച്‌ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാൻ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി

May 31, 2024
53
Views

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച്‌ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി.

ജൂണ്‍ 3ന് പുതിയ അധ്യയന വര്‍ഷമാരാംഭിക്കും. വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സിഎംഡിക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സിഎംഡിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. പുതിയ കണ്‍സഷന്‍ സോഫ്റ്റ് വെയറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു നല്‍കി.

ഗ്യാരേജുകളില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ചിട്ടുള്ള ബസുകള്‍ എത്രയും വേഗം നിരത്തിലിറക്കാന്‍ തീരുമാനിച്ചു. മഴകാരണമുള്ള പ്രതികൂല കാലാവസ്ഥയില്‍ സര്‍വീസ് ഓപ്പറേഷന്‍ ചെലവ് കുറച്ച്‌ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സിഎംഡി എല്ലാ യൂണിറ്റ് അധികാരികളോടും ആവശ്യപ്പെട്ടു.

പുതിയ വര്‍ഷത്തില്‍ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. രജിസ്‌ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂര്‍ത്തിയായാല്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്ബറില്‍ ഒരു മെസ്സേജ് വരുന്നതാണ്.

പ്രസ്തുത അപേക്ഷ സ്‌കൂള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യുന്നതാണ്. ഉടന്‍ തന്നെ അപേക്ഷ അംഗീകരിച്ചതായി എസ്‌എംഎസ് ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയില്‍ അടക്കേണ്ടതുണ്ട് എന്ന നിര്‍ദേശവും ലഭ്യമാകുന്നതാണ്. തുക അടക്കേണ്ട നിര്‍ദ്ദേശം ലഭ്യമായാല്‍ ഉടന്‍ തന്നെ ഡിപ്പോയിലെത്തി തുക അടക്കേണ്ടതാണ്.

ഏത് ദിവസം നിങ്ങളുടെ കണ്‍സെഷന്‍ കാര്‍ഡ് ലഭ്യമാകുമെന്ന് എസ്‌എംഎസ് വഴി അറിയാവുന്നതാണ്. വിദ്യാര്‍ഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്‍കിയിരിക്കുന്ന യൂസര്‍നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച്‌ വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് പരിശോധിക്കാവുന്നതാണ്.

ഏതെങ്കിലും കാരണവശാല്‍ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനുമുള്ള സൗകര്യവുമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീല്‍ നല്‍കുവാനായി പ്രസ്തുത വെബ്‌സൈറ്റില്‍ തന്നെ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. കെഎസ്‌ആര്‍യിസി യിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥന്‍ ഇത് പരിശോധിച്ച്‌ തുടര്‍ നടപടി കൈക്കൊള്ളുന്നതാണ്.

സ്വന്തമായോ അക്ഷയ, ഫ്രണ്ട്‌സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ മുഖേനയോ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ രണ്ടാം തീയതിക്ക് മുന്‍പ് https://www.concessionksrtc.com എന്ന വെബ്‌സൈറ്റില്‍ School Registration/College registration സെലക്‌ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *