മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തില്‍നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടകസംഘം മക്കയിലെത്തി. 178 സ്ത്രീകളും 183 പുരുഷന്മാരുമാണ് ആദ്യ ഹജ്ജ് സംഘത്തിലുള്ളത്.
361 പേരടങ്ങുന്ന സംഘം ശനിയാഴ്ച രാവിലെ 6.20-നാണ് സൗദി എയർലൈൻസിന്റെ വിമാനത്തില്‍ കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്. രാവിലെ ഒൻപതോടെയാണ് ജിദ്ദയില്‍ ഇറങ്ങിയത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജ് സെല്‍ സ്പെഷ്യല്‍ ഓഫീസർ യു. അബ്ദുള്‍ കരീം, കിയാല്‍ എം.ഡി. സി. ദിനേശ് കുമാർ, ഹജ്ജ് ക്യാമ്ബ് കണ്‍വീനർ പി.പി. മുഹമ്മദ് റാഫി, പി.ടി. അക്‌ബർ, എം വി ജയരാജൻ, കിയാല്‍ ഓപ്പറേഷൻസ് മാനേജർ സുരേഷ് കുമാർ, സൗദി എയർലൈൻസ് ഉദ്യോഗസ്ഥരായ മുഹമ്മദ് വാഹിദ്, ഹസ്സൻ, അർജുൻ കുമാർ, പി. പുരുഷോത്തമൻ, എസ്. നജീബ്, എം.സി.കെ. അബ്ദുള്‍ ഗഫൂർ, സി.കെ. സുബൈർ, നിസാർ അതിരകം തുടങ്ങിയവർ പങ്കെടുത്തു.
ജൂണ്‍ 10 വരെ ഒൻപത് സർവീസുകളാണ് ഹജ്ജ് തീർത്ഥാടകരുമായി കണ്ണൂരില്‍നിന്ന് സൗദി എയർലൈൻസ് നടത്തുന്നത്. തിങ്കളാഴ്ച രാവിലെ 8.35-നും ഉച്ചയ്ക്ക് 1.10-നും രണ്ടു സർവീസുണ്ട്. ഉച്ചയ്ക്കുള്ള വിമാനം സ്ത്രീകള്‍ക്കുള്ള പ്രത്യേക സർവീസാണ്. കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് 3164 പേരാണ് ഇത്തവണ ഹജ്ജിന് പോകുന്നത്.
ജൂലായ് പത്തുമുതല്‍ മദീനയില്‍നിന്നാണ് ഹാജിമാരുടെ മടക്കയാത്ര. ആദ്യ വിമാനം 3.50-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12ന് കണ്ണൂരിലെത്തും. 19 വരെയാണ് മടക്ക സർവീസുകള്‍.