മേയ് മാസത്തില്‍ കേരളത്തിന്റെ പ്രധാന മൂന്നാറില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്. മേഖലയിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കഴിഞ്ഞമാസം വന്‍തിരക്കാണ് ഉണ്ടായത്.
വേനല്‍ അവധിക്കാലം ആരംഭിച്ചെങ്കിലും ഏപ്രില്‍ പകുതിവരെ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍, കേരളത്തിലും തമിഴ്‌നാട്ടിലും ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെയാണ് മൂന്നാർ മേഖലയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക് ആരംഭിച്ചത്. തമിഴ്‌നാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സർക്കാർ ഈ പാസ് ഏര്‍പ്പെടുത്തിയതും മൂന്നാർ ടൂറിസത്തിന് അനുഗ്രഹമായി.
മൂന്നാര്‍, മാട്ടുപ്പട്ടി, കുണ്ടള, ടോപ് സ്റ്റേഷന്‍, ഇരവികുളം മുതലായ കേന്ദ്രങ്ങളിലെല്ലാം വന്‍ തിരക്കാണ് ഉണ്ടായത്. മൂന്നാര്‍ ഗവ. ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ മേയ് മാസത്തില്‍ 1,00,200 വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തി. കഴിഞ്ഞ വർഷം മെയില്‍ എഴുപതിനായിരത്തില്‍ താഴെയായിരുന്നു സന്ദര്‍ശകരുടെ എണ്ണം.
വരയാടുകളുടെ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍ (രാജമല) സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം 1,05,000 പേര്‍ ഇരവികുളം ദേശീയോദ്യാനം സന്ദര്‍ശിച്ചു. സന്ദര്‍ശകരുടെ എണ്ണത്തിലെ സര്‍വകാല റെക്കോഡാണ് ഈ വർഷം രേഖപ്പെടുത്തിയത് . 2006 ഓഗസ്റ്റിലെ നീലക്കുറിഞ്ഞി സീസണില്‍ 83,000 പേര്‍ രാജമല സന്ദര്‍ശിച്ചതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന റെക്കോഡ്.