ഹാജിമാരുമായി രണ്ട് വിമാനങ്ങള്‍ കണ്ണൂരില്‍ നിന്ന് തിങ്കളാഴ്ച പറന്നുയരും

June 3, 2024
52
Views

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീർത്ഥാടകരുടെ ഒത്ത് ചേരല്‍ കൊണ്ട് ഹജ്ജ് ക്യാമ്ബ് ഞായറാഴ്ച ആവേശകരമായി.

തിങ്കളാഴ്ച പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ 722 തീർത്ഥാടകരാണ് ഹജ്ജ് ക്യാമ്ബില്‍ സംഗമിച്ചത്.
ഇത്തവണ വനിതാ ഹജ്ജ് തീര്‍ഥാടകര്‍ക്ക് (ലേഡീസ് വിത്തൗട്ട് മെഹറം) അനുവദിച്ച പ്രത്യേക വിമാനത്തില്‍ പോകുന്ന സ്ത്രീകളെ യാത്രയയക്കാൻ എത്തിയ കുടുംബാംഗങ്ങളെ കൊണ്ട് വിമാനത്താവളവും പരിസരവും വീർപ്പ് മുട്ടി. തക്ബീറും ദുആ മന്ത്രങ്ങളും കൊണ്ട് പരിസരം ഭക്തി സാന്ദ്രമായി.

പുണ്യ ഭുമിയിലേക്കുള്ള യാത്രയില്‍ സ്ത്രീ ഒറ്റക്കാവുകയല്ല ഒരോ സംഘമാണ് എന്ന് വിളിച്ചറിയിക്കുന്ന വിധം ചില പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പ്രത്യേക നിറങ്ങളില്‍ മഫ്ത ധരിച്ച്‌ വന്നത് വർണ്ണാഭവും വിശ്വാസിനികളുടെ ഒരുമയുടെ വർണ മുദ്രകളുമായി. തിങ്കളാഴ്ച പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലേക്കുള്ള 722 ഹാജിമാർ ഞായറാഴ്ച രാവിലെയും ഉച്ചക്കുമായിട്ടാണ് ക്യാമ്ബിലെത്തിയത്. ജൂണ്‍ മൂന്ന് പുലർച്ചെ 05.40ന് എസ്വി 5635 നമ്ബർ വിമാനം പുറപ്പെടും. ഇതില്‍ 361 യാത്രക്കാരില്‍ 177 സ്ത്രീകളാണ്.

ഉച്ചക്ക് 1.10 ന് പുറപ്പെടുന്ന സ്ത്രീകള്‍ക്ക് മാത്രമായുള്ള എസ്.വി 5695 നമ്ബർ വിമാനത്തില്‍ 361 പേരാണ്. രാവിലെയും ഉച്ചക്കുമായി തിങ്കളാഴ്ച പുറപ്പെടുന്നവരില്‍ 538 സ്ത്രീകളാണ്. സ്ത്രീകളുടെ മാത്രം വിമാനത്തില്‍ യാത്രയാവുന്നവർക്കുള്ള യാത്രാ രേഖകള്‍ വനിതാ വളണ്ടിയർമാരും വനിതാ സെല്‍ ഉദ്യോഗസ്ഥരുമാണ് വിതരണം ചെയ്തത്. സ്ത്രീകളുടെ ബാഹുല്യം പ്രാർത്ഥന ഹാളിനെ വീർപ്പ് മുട്ടിച്ചു. സ്ത്രീകള്‍ക്ക് മഗ്രിബ് – ഇശാ നമസ്കാരം രണ്ട് ഘട്ടങ്ങളായി നിർവഹിച്ചു.ഞായറാഴ്ച രാവിലെ 10 മണി മുതല്‍ തീർത്ഥാടകർ ക്യാമ്ബിലെത്തിയിരുന്നു. ഏറ്റവും കൂടുതല്‍ ഹാജിമാരെ വരവേല്‍ക്കുന്നതിന് ക്യാമ്ബില്‍ പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നു. 75 ഓളം സ്ത്രീ വളണ്ടിയർമാർ ഉള്‍പ്പെടെ 150 വളണ്ടിയർമാരും സ്വാഗത സംഘം സബ് കമ്മിറ്റികളും സജീവമായി സേവന നിരതരായി.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *