മൂലങ്കാവ് സ്കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

June 8, 2024
48
Views

വയനാട്: മൂലങ്കാവ് സ്കൂളില്‍ പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി.

പ്രധാന അധ്യാപികയോടാണ് റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർനടപടി ഉണ്ടാകുമെന്ന് ഡിഡിഇ ശശീന്ദ്രവ്യാസ് അറിയിച്ചു. അതേസമയം സംഭവത്തില്‍ 2 വിദ്യാർത്ഥികളെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. ഏഴ് ദിവസത്തേക്കാണ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. വിഷയം പ്രത്യേക കമ്മറ്റി ഉണ്ടാക്കി അന്വേഷിക്കുമെന്ന് സ്കൂള്‍ അധികൃതർ അറിയിച്ചു.

വയനാട് മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥിനാണ് സഹപാഠികളുടെ ക്രൂരമർദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പരിചയപ്പെടാൻ എന്ന പേരില്‍ വിളിച്ചുവരുത്തിയായിരുന്നു മർദനം. കത്രിക കൊണ്ട് ഒരു വിദ്യാർത്ഥി ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കുത്തിപ്പരിക്കല്‍പ്പിച്ചു. ആദ്യം നൂല്‍പ്പുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ സുല്‍ത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സുല്‍ത്താൻബത്തേരി പൊലീസെത്തി വിദ്യാർത്ഥിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചു. നിലവില്‍ സംസാരിക്കാൻ കഴിയുന്ന അവസ്ഥയില്‍ അല്ല ശബരിനാഥ്. അടുത്ത ദിവസം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കണ്ണിന്റെ താഴെ, ചെവി എന്നിവിടങ്ങളില്‍ പരിക്കുണ്ട്.

അമ്ബലവയല്‍ എംജി റോഡില്‍ ലക്ഷ്മി വിഹാറിലെ ബിനേഷ് കുമാർ – സ്മിത ദമ്ബതികളുടെ മകനായ ശബരിനാഥൻ ഈ വർഷമാണ് മൂലങ്കാവ് സർക്കാർ സ്കൂളില്‍ ചേർന്നത്. കേസുമായി മുന്നോട്ട് പോകുമെന്ന് ശബരീനാഥിന്‍റെ അമ്മ സ്മിത മാധ്യമങ്ങളോട് പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്നും മതിയായ ചികിത്സ കിട്ടിയില്ലെന്നും അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സമ്മർദം വന്നുവെന്നും സ്മിത ആരോപിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ശബരിനാഥനെ കല്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *