ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യം ഭയമില്ലാത്ത നേതാക്കളെയാണെന്ന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ സാമൂഹിക മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന ടീമുമായി സംവദിക്കുകയായിരുന്നു രാഹുല്‍. വളരെ സൗമ്യമായി തുടങ്ങിയ സംഭാഷണം ഒടുവില്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയ ചില മുന്‍ നേതാക്കന്മാരോടുള്ള വ്യക്തമായ സന്ദേശം നല്കാന് രാഹുല്‍ ഉപയോഗിച്ചു. “നമ്മുടെ പാര്‍ട്ടിയില്‍ ഭയമുള്ള ഒരുപാട് നേതാക്കന്മാരുണ്ട്. അത്തരക്കാരെ ഈ പാര്‍ട്ടിക്ക് ആവശ്യമില്ല. അത്തരക്കാര്‍ ആര് എസ് എസിലേക്ക് തന്നെ പോകുന്നതാണ് നല്ലത്. കോണ്‍ഗ്രസിന് നിങ്ങളെ ആവശ്യമില്ല,” രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിനു വേണ്ടത് ഭയമില്ലാത്ത നേതാക്കന്മാരെയാണെന്നും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും അതുതന്നെയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ, ജിതിന് പ്രസാദ് എന്നിവരെ ലക്ഷ്യമിട്ടാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത് എന്നാണ് രാഷ്ട്രീയ രംഗത്തെ സംസാരം. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്റെ ഏതാനും എം എല്‍ എമാരുമായി ബി ജെ പിയില്‍ ചേര്‍ന്ന മദ്ധ്യപ്രദേശില്‍ നിന്നുള്ള നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോള്‍ മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയാണ്. മറ്റൊരു നേതാവായ ജിതിന് പ്രസാദ് വരുന്ന ഉത്തര്‍പ്രദേശ് ഇലക്ഷനില്‍ ബി ജെ പിയുടെ മുന്നണി പോരാളി ആകാനുള്ള സാദ്ധ്യത കാണുന്നുണ്ട്.
പാര്‍ട്ടിക്കുള്ളിലെ തന്റെ വിമര്‍ശകരായ ജി-23 എന്നറിയപ്പെടുന്ന നേതാക്കളോടുള്ള സന്ദേശമായും ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള 23 നേതാക്കന്മാര് കഴിഞ്ഞ ലോക്സഭാ ഇലക്ഷനു ശേഷം കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.