ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീലുമായി നടൻ വിജയ്. ഡിവിഷൻ ബെഞ്ചിലാണ് താരം വിധിക്കെതിരായി അപ്പീൽ നൽകിയിരിക്കുന്നത്. വിജയ് യുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച ജസ്റ്റിസ് എം.എം.സുന്ദരേഷ്, ജസ്റ്റിസ് ആര്‍.എന്‍.മഞ്ജുള എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കാനാണ് സാധ്യത.
അപ്പീൽ നൽകിയിരിക്കുന്നതിന്റെ കാരണവും അഭിഭാഷകൻ വ്യക്തമാക്കി. പ്രവേശന നികുതി ഒഴിവാക്കുന്നതിനോ പിഴ നൽകാതിരിക്കാനോ വേണ്ടിയല്ല അപ്പീൽ. മറിച്ച് ജഡ്ജിയുടെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾക്കെതിരാണ് അപ്പീലെന്നും അദ്ദേഹം വ്യക്തമാക്കി.
2012ൽ വിജയ് ഇംഗ്ലണ്ടിൽ നിന്നും വിജയ് റോൾസ് റോയ്സിന്റെ ഗോസ്റ്റ് സീരിസിൽപ്പെട്ട കാർ ഇറക്കുമതി ചെയ്തത്. ഒമ്പത് കോടിയോളം രൂപ മുതൽ മുടക്കുള്ള കാറിന് നികുതി ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഈ ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈ കോടതി നടനെതിരെ പിഴ ഈടാക്കിയത്.
സിനിയമയിലെ സൂപ്പർതാരങ്ങൾ ജീവിതത്തിൽ വെറും റീൽ ഹീറോയാകരുത് എന്നും സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടുന്ന നായകന്മാരെ അവതരിപ്പിക്കുന്ന നടൻമാർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ന്യായീകരിക്കാൻ സാധിക്കുകയില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം അധ്യക്ഷനാകുന്ന ബെഞ്ച് അറിയിച്ചത്. പിഴയായി ഒരു ലക്ഷം രൂപം തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.