നിയമസഭയിലുള്ളത് സ്പീക്കറുടെ വകയല്ല, നാണമില്ലാത്ത സര്‍ക്കാര്‍ : സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച്‌ ബി കെമാല്‍ പാഷ

July 28, 2021
157
Views

കൊച്ചി: നിയമസഭാ കൈയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ. കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായിട്ടുള്ളത് പ്രതീക്ഷിച്ച വിധി തന്നെയാണിതെന്നും സാമാന്യ ബുദ്ധി ഉള്ള ഏതൊരാള്‍ക്കും കോടതി വിധി ഇങ്ങനെയേ വരൂ എന്ന് അറിയാമായിരുന്നെന്നുമാണ് കെമാല്‍ പാഷയുടെ പ്രതികരണം. ഇത്തരം കേസുകളില്‍ സ്പീക്കര്‍ക്കല്ല പരമാധികാരമെന്നും കെമാല്‍ പാഷ ചൂണ്ടിക്കാണിക്കുന്നു.

‘ക്രിമിനല്‍ കുറ്റങ്ങള്‍ വിചാരണ ചെയ്യേണ്ടത് കോടതിയാണ്. അത് സ്പീക്കറുടെ അധികാരമല്ല. നിയമസഭയില്‍ നശിപ്പിക്കപ്പെട്ടത് പൊതുമുതലാണ്. പൊതുമുതല്‍ നശിപ്പിച്ച കേസ് ചുമത്തപ്പെട്ടാല്‍ നിയമപരമായി അതിന്റെ വിചാരണ നേരിടണം. അല്ലാതെ അതിനു പകരം ജനങ്ങളുടെ പണം മുടക്കി കോടതിയെ വീണ്ടും വീണ്ടും സമീപിക്കുകയല്ല വേണ്ടത്. നാണമില്ലേ ഈ സര്‍ക്കാരിന് ഇത് ചെയ്യാന്‍. സാമാന്യ ബുദ്ധി ഉള്ളൊരാള്‍ക്ക്, തലച്ചോറ് അല്‍പ്പമെങ്കിലും ഉള്ളൊരാള്‍ക്ക് മനസ്സിലാകും . എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പ്രിവിലേജല്ല ഇതൊന്നും. എല്ലാവര്‍ക്കും ഒരേ നിയമമാണിവിടെ ‘ – കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

2015 ല്‍ കെ എം മാണി ധനകാര്യ മന്ത്രിയായിരിക്കെ ബജറ്റ് അവതരണത്തിനിടെയുണ്ടായ നിയമസഭാ കൈയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *