തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റര്‍ എം.സി. അജിത്തിനെ മാറ്റി. തട്ടിപ്പുകള്‍ കണ്ടെത്തി നടപടി എടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് നടപടി.
ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് 2018-ല്‍ അന്വേഷണം നടത്തിയത് ഇതേ അഡ്മിനിസ്‌ട്രേറ്ററായിരുന്നു. പകരം മൂന്നംഗ അഡ്മിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് ചുമതല നല്‍കി ഉത്തരവിറങ്ങി. ഭരണം കൂടുതല്‍ കാര്യക്ഷമമായി നടത്താനാണ് തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു.
ബാങ്കിന്റെ ഓഡിറ്റ് നടപടികളുടെ മേല്‍നോട്ടം കഴിഞ്ഞ നാല് വര്‍ഷമായി വഹിച്ചിരുന്നത് എം.സി. അജിത്താണ്. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ബാങ്കിലെ എല്ലാ തട്ടിപ്പുകളും അറിയാമായിരുന്നുവെന്നും എന്നിട്ടും അദ്ദേഹം നിശബ്ദത പാലിക്കുകയായിരുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു.
ഇതിനിടെ സി.പി.എം. നേതാക്കളുടെ ഒത്താശയോടെ കേസന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.. ക്രൈംബ്രാഞ്ചിലെ ഒരു ഇന്‍സ്പെക്ടറാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും ആരോപണമുണ്ട്. അതേസമയം, ആരോപണങ്ങള്‍ ശുദ്ധഅസംബന്ധമാണെന്ന് സി.പി.എം വ്യക്തമാക്കി. കേസിന്റെ ഭാഗമായി അന്വേഷണ സംഘം ബാങ്ക് രേഖകള്‍ പരിശോധിച്ചു വരികയാണ്.