തൃശൂര്‍: മയില്‍ ദേഹത്ത് ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് നവവരന് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ പരുക്കുകളോടെ രക്ഷപ്പെട്ടു. പുന്നയൂര്‍ക്കുളം പരൂര് പീടികപറമ്ബില്‍ മോഹനന്റെ മകന് പ്രമോഷ് (34) ആണ് മരിച്ചത്. ഭാര്യ വീണയെ (26) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡിനു കുറുകെ താഴ്ന്നുപറന്ന മയില്‍ പ്രമൗഷിന്റെ ദേഹത്ത് വന്ന് ഇടിച്ചതാണ് അപകടമുണ്ടാക്കിയത്. തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡില്‍ നിന്നു തെന്നിമാറിയ ബൈക്ക് എതിര്‍ദിശയില്‍ വന്ന സ്കൂട്ടറിലിടിച്ച് മറ്റൊരു യാത്രികനും പരുക്കേറ്റു. അപകടത്തില്‍ ചത്ത മയിലിനെ വനംവകുപ്പ് റോഡില്‍നിന്നു നീക്കി.
സ്കൂട്ടര്‍ യാത്രികനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന് ധനേഷിനാണ് (37) പരുക്കേറ്റത്. രാവിലെ അയ്യന്തോള്‍ പുഴയ്ക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബവ്റിജസ് ഔട്ട്ലെറ്റിനു മുന്പിലായിരുന്നു അപകടം.
പുഴയ്ക്കലില്നിന്ന് അയ്യന്തോള്‍ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ദമ്ബതികള്‍. മയിലിടിച്ചതിനെ തുടര്‍ന്ന് ഇരുവരും ബൈക്കില്‍നിന്നു റോഡിലേക്കു തെറിച്ചുവീണു. സംഭവം നടന്നയുടന്‍ ആ വഴിക്കു വന്ന കാറില്‍ പ്രമോഷിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നിയന്ത്രണംവിട്ട ബൈക്ക് 10 മീറ്ററോളം എതിര്‍ദിശയിലേക്കു നിരങ്ങിനീങ്ങിയാണ് ധനേഷിന്റെ സ്കൂട്ടറില്‍ ഇടിച്ചത്. നാലു മാസം മുന്‍പായിരുന്നു പ്രമോഷിന്റെയും വീണയുടെയും വിവാഹം. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോഷ്.