സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രതിസന്ധി: 33 ജീവനക്കാര്‍ക്ക് കൊറോണ; വേണ്ടത്ര പ്രതിരോധ സംവിധാനങ്ങള്‍ സ്വീകരിച്ചില്ലെന്ന് ആരോപണം

August 18, 2021
236
Views

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രതിസന്ധി. നിരവധി ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രതിസന്ധിയിൽ ആയത്. 33 ജീവനക്കാര്‍ക്കാണ് ഡിപ്പോയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മെക്കാനിക്കല്‍, ഓഫീസ്, ഡ്രൈവര്‍, കണ്ടക്ടര്‍ ജീവനക്കാര്‍ക്കാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രോഗം പിടിപ്പെട്ടത്. ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയേറെ ജീവനക്കാര്‍ക്ക് കൊറോണ വന്നതോടെ ഡിപ്പോയിലെ മറ്റു ജീവനക്കാരും ആശങ്കയിലാണ്.

ഒമ്പത് മെക്കാനിക്കല്‍ ജീവനക്കാര്‍, ആറ് ഓഫീസ് ജീവനക്കാര്‍, എട്ട് കണ്ടക്ടര്‍മാര്‍, പത്ത് ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് കൊറോണ സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇതില്‍ രണ്ട് പേര്‍ ദീര്‍ഘദൂര ബസ് ജീവനക്കാരാണ്. രോഗം സ്ഥിരീകരിച്ചവര്‍ നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കൊറോണ ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും കൊറോണ വന്ന് മുക്തരായവര്‍ക്കുമുള്‍പ്പടെയാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

അതേ സമയം ഇത്രയേറെ ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടും വേണ്ടത്ര പ്രതിരോധ സംവിധാനങ്ങള്‍ സ്വീകരിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടന്നാണ് ഡിപ്പോ അധികൃതരുടെ വാദം.

കൂടുതല്‍ ജീവനക്കാര്‍ക്ക് രോഗം വന്നതോടെ ഡിപ്പോയുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കുമെന്നാണ് ആശങ്ക. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് കൂടി നിയന്ത്രണമുണ്ടായാല്‍ ഡിപ്പോയുടെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കാനും സാധ്യതയുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *