തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഓണം ആഘോഷിക്കാന്‍ മലയാളികള്‍ മദ്യം വാങ്ങാനെത്തിയപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന് ലഭിച്ചത് റെക്കോര്‍ഡ് വരുമാനം. ഉത്രാട ദിനത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് തിരുവനന്തപുരത്തെ പവര്‍ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റില്‍ നിന്ന്. 1.04 കോടിയുടെ വില്പനയാണ് ഇവിടെ നടന്നത്. ഇരിങ്ങാലക്കുട ഔട്‌ലെറ്റില്‍ നിന്നും വിറ്റത് 96 ലക്ഷത്തിന്‍റെ മദ്യമാണ്. 260 ഔട്‌ലെറ്റുകള്‍ വഴിയായിരുന്നു ഇത്തവണത്തെ വില്പന.
പ്രാദേശിക നിയന്ത്രണങ്ങളുള്ളതിനാല്‍ ഇത്തവണ അഞ്ചു ഔട്ട് ലെറ്റുകള്‍ തുറന്നിരുന്നില്ല. ഏറ്റവും കൂടുതല്‍ വിറ്റത് ബ്രാന്റിയാണ്. സംസ്ഥാനത്ത് ബെവ്ക്കോയും ബാറിലുമായി 105 കോടിയുടെ മദ്യവില്‍പ്പന നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതില്‍ 75 ശതമാനവും വില്‍പ്പനയും ബെവ്ക്കോ വഴിയായിരുന്നു. ഇത്തവണ മൂന്ന് നഗരങ്ങളിലെ ഔട്‌ലെറ്റുകളില്‍ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നു. 10 ലക്ഷത്തിന്‍റെ മദ്യമാണ് ഓണ്‍ലൈന്‍ വഴി വിറ്റത്.
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുമായെത്തുന്നവര്‍ക്ക് മാത്രമായിരുന്നു മദ്യം നല്‍കിയിരുന്നത്. നിയന്ത്രണങ്ങള്‍ കച്ചവടത്തെ ബാധിക്കാതിരിക്കാന്‍ കോര്‍പ്പറേഷന്‍ എടുത്ത മുന്‍കരുതലുകളാണ് കച്ചവടം കൂട്ടിയതെന്ന് ബെവ്കോ എംഡി യോഗേഷ് ഗുപ്ത പറയുന്നു. സംസ്ഥാനത്ത് 181 കൗണ്ടറുകളാണ് ഓണക്കാലത്ത് അധികമായി തുറന്നത്.