പൊന്നോണം സൂക്ഷിച്ചോണം എന്ന ഷോർട്ട് ഫിലിമിലാണ് മാവേലിയായി തൃശൂർ മേയർ എം. കെ. വർഗീസ് വേഷമിട്ടത്. മുത്തശ്ശന്റെ പിറന്നാളിന് വിദേശത്ത് നിന്നെത്തുകയും എന്നാൽ ലോക്ക്ഡൗൺ മൂലം നാട്ടിൽ കുടുങ്ങുകയും ചെയ്ത അമ്മയും മകനും കൊവിഡ്കാല ഓണം ആഘോഷിക്കുന്നതാണ് കഥ. മുത്തശ്ശനിൽ നിന്ന് മാവേലിയെകുറിച്ച് അറിഞ്ഞ കുട്ടിയ്ക്ക് കൗതുകം മൂത്ത് മാവേലിയെ കാണാൻ ആഗ്രഹം തോന്നുകയും എന്നാൽ മാവേലി കോറോണ മൂലം വരില്ലെന്നറിഞ്ഞ് വാശിപിടിച്ച് കുട്ടിക്ക് മുന്നിൽ ആരോഗ്യപ്രവർത്തകനായി എത്തി ബോധവൽക്കരണം നടത്തി മാവേലിയായി മാറുന്ന കഥാപാത്രമാണ് മേയറുടേത്.
മാധ്യമപ്രവർത്തകനും നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകനുമായ സിബി പോട്ടാറാണ് ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവവഹിച്ചിരിക്കുന്നത്. വിജേഷ് നാഥ് മരത്തംകോട് ഛായാഗ്രഹണവും ജിത്തു ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. മുത്തശ്ശനായി ഉണ്ണിക്കോട്ടക്കലും കുട്ടിയായി ജഗൻ ശ്യാംലാലുമാണ് വേഷമിട്ടിരിക്കുന്നത്.
മനുമായ, സ്മിത ജെന്നറ്റ്, കെ.എച്ച്. ഹരിത, മീര മനു, മാനവ മനു എന്നിവരാണ് മറ്റ് അഭിനേതാക്കൾ തത്സമയ ശബ്ദമിശ്രണം നടത്തിയ ഷോർട്ട് ഫിലിം എന്നതാണ് മറ്റൊരു പ്രത്യേകത. കാവിഡ്കാല ഓണമായതു കൊണ്ടു തന്നെ ആരോഗ്യപ്രവർത്തകരുടെ വേഷത്തിലാകാം ഇത്തവണ മാവേലി വീട്ടിലെത്തുകയെന്നും അതിനാൽ തന്നെ അവരുടെ നിർദ്ദേശങ്ങൾ പാലിച്ച് കരുതലോടെ വീട്ടിലിരുന്ന് തന്നെ സൂക്ഷിച്ച് ഓണം ആഘോഷിക്കണമെന്ന് ബോധവൽക്കരിക്കുക കൂടിയാണ് പൊന്നോണം സൂക്ഷിച്ചോണം എന്ന സിബി പോട്ടോറിന്റെ ഈ ഹ്രസ്വചിത്രം.