കൊവിഡ് പ്രതിസന്ധിയില്‍ സ്വരാജ് റൗണ്ടിലേക്ക് ഇത്തവണ പുലികള്‍ കൂട്ടമായി എത്തില്ല. എന്നാല്‍ മടയിലൊളിക്കാതെ സൈബര്‍ റൗണ്ടില്‍ ഇന്ന് പുലിയിറങ്ങും. ആരവങ്ങളും ആഘോഷങ്ങളും അല്‍പം കുറവാണെങ്കിലും നാലാമോണത്തിന് ഓണ്‍ലൈനില്‍ പുലിച്ചുവടുകളുറപ്പിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി. ഇന്ന് വൈകീട്ട് മൂന്ന് മണിമുതല്‍ അയ്യന്തോള്‍ ദേശത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുലിക്കളി കാണാം. ഇത്തവണ ഏഴ് പുലികളാണിറങ്ങുന്നത്.
സ്വരാജ് റൗണ്ടില്‍ ഓര്‍മ്മപുതുക്കാനും ചടങ്ങ് നിര്‍വഹിക്കാനും വൈകീട്ട് നാലിന് ഒറ്റപ്പുലിയിറങ്ങും വിയ്യൂര്‍ പുലിക്കളി സെന്ററാണ് പുലിയെ ഇറക്കുന്നത്. എല്ലാ ദേശങ്ങളേയും പ്രതിനിധീകരിച്ചുകൊണ്ടാണ് ഒറ്റപ്പുലിയിറങ്ങുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.
അതേസമയം ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ട്രാന്‍സ്‌ജെന്‍ഡര്‍ പുലിയിറങ്ങും. മിസ്റ്റര്‍ കേരള പട്ടം നേടിയ പ്രവീണ്‍ നാഥാണ് പുലിവേഷം കെട്ടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ പുലിവേഷമണിഞ്ഞിരുന്നു.