ആര്‍.ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് വിധി പറയും. വ്ലോഗര്‍ സഹോദരന്മാരുടെ വീഡിയോകള്‍ പരിശോധിച്ച പോലീസ് പ്രതികള്‍ക്ക് കഞ്ചാവ് ബന്ധമുണ്ടോ എന്നത് അടക്കം അന്വേഷണ വിധേയമക്കണമെന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരുന്നത്. ഇതിനായി പ്രതികളുടെ ജാമ്യം റദ്ദ് ചെയ്ത് ഇവരെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം.
അതേസമയം, കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. വാഹനത്തിന്‍റെ പിഴ അടയ്ക്കാന്‍ തയ്യാറാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ആര്‍.ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു വ്ലോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇരുവരും ഓഫീസിലെത്തിയതിനു ഇതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് വ്ലോഗര്‍ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത് റിമാന്‍റ് ചെയ്തെങ്കിലും ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.