പാണ്ടിക്കാട്: പെരിന്തല്‍മണ്ണ കോളനിപ്പടി സ്വദേശിയായ യുവാവ് അപകടത്തില്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ശങ്കര്‍ ഗണേശനെയാണ് പൊലീസ് തമിഴ്നാട്ടിലെത്തി പൊക്കിയത്. ആഗസ്റ്റ് 13ന് കാഞ്ഞിരപ്പടിക്ക് സമീപമാണ് അപകടം നടന്നത്. തമിഴ്‌നാട് സ്വദേശി ശങ്കര്‍ ഗണേഷ് ഓടിച്ചിരുന്ന മഹീന്ദ്ര ബൊലേറൊ പിക്കപ്പ് വാന്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബൈക്കോടിച്ചിരുന്ന കോളനിപ്പടി സ്വദേശി മമ്ബാടന്‍ മുഹമ്മിലി (20) ന് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് യുവാവ് മരണപ്പെട്ടത്. അപകടം നടന്നതായി മനസിലാക്കിയിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. വാനിന്റെ പൊട്ടി വീണ ഭാഗങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാന്‍ തിങ്കളാഴ്ച പൊലീസ് കണ്ടെടുത്തത്.
വാഹനത്തിന്റെ ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്നാണ് അപകടസമയം വണ്ടി ഓടിച്ചിരുന്നത് ഡ്രൈവര്‍ ശങ്കര്‍ ഗണേഷാണെന്ന് തിരിച്ചറിയുന്നത്. ഇയാളോട് പിന്നീട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പൊലീസ് പിടികൂടുമ്ബോള്‍ വാഹനത്തിന്റെ പൊട്ടിയ ഭാഗം റിപ്പയര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കലടക്കമുള്ള വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് ശങ്കര്‍ ഗണേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സി ഐ റഫീഖിന്റെ നേതൃത്വത്തില്‍ ആണ് പ്രതിയെ പിടികൂടിയത്. എസ്‌ഐമാരായ അരവിന്ദന്‍, രാധാകൃഷ്ണന്‍, എ എസ് ഐ അബ്ബാസ്, സി പി ഒ മാരായ മിര്‍ഷാദ് കൊല്ലേരി, നൗഷാദ്, ജയന്‍, ഷമീര്‍ കൊല്ലേരി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.