പ്രശസ്ത തബല വാദകൻ പണ്ഡിറ്റ് ശുഭാങ്കർ ബാജർജി കൊറോണ ബാധിച്ച് മരിച്ചു

August 26, 2021
224
Views

കൊൽക്കത്ത: പ്രശസ്ത തബല വാദകൻ പണ്ഡിറ്റ് ശുഭാങ്കർ ബാജർജി കൊറോണ ബാധിച്ച് മരിച്ചു. 54 വയസ്സായിരുന്നു. ജൂലൈ 2-നാണ് കൊറോണയെ തുടർന്ന് കൊൽക്കത്തയിലെ മെഡിക്ക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ശുഭാങ്കർ ബാനർജിയെ പ്രവേശിക്കുന്നത്. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം.

പ്രശസ്ത സംഗീതജ്ഞ കാജൽരേഖ ബാനർജിയുടെ മകനാണ് ശുഭാങ്കർ ബാനർജി. നന്നേ ചെറുപ്പത്തിൽ തന്നെ അമ്മയുടെ മേൽനോട്ടത്തിൽ ശാസ്ത്രീയ സംഗീതം അഭ്യാസിക്കാൻ ആരംഭിച്ചു. പണ്ഡിറ്റ് മണിക് ദാസ്, പണ്ഡിറ്റ് സ്വപ്ന ശിവ എന്നിവരുടെ ശിഷ്യനായിരുന്നു. പണ്ഡിറ്റ് രവി ശങ്കർ, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് അംജത് അലിഖാൻ, പണ്ഡിറ്റ് ശിവ്കുമാർ വർമ തുടങ്ങിയ സംഗീതപ്രതിഭകൾക്കൊപ്പം ജുഗൽബന്തി ചെയ്തിട്ടുണ്ട്. ബംഗാൾ സർക്കാറിന്റെ സംഗീത് സമ്മാൻ, സംഗീത് മഹാ സമ്മാൻ തുടങ്ങിയ ബഹുമതികൾ നേടിയിട്ടുണ്ട്.

ശുഭാങ്കർ ബാനർജിയുടെ വിയോഗത്തിൽ ഉസ്താദ് അംജത് അലിഖാൻ, ഉസ്താദ് റാഷിദ് ഖാൻ, പണ്ഡിറ്റ് ഹരിപ്രദാസ് ചൗരസ്യ, ഉസ്താദ് സാക്കിർ ഹുസൈൻ തുടങ്ങിയവർ അനുശോചിച്ചു.

നിവേദിതയാണ് ശുഭാങ്കർ ബാജർജിയുടെ ഭാര്യ. ആഹരി, ആർച്ചിക് എന്നിവർ മക്കളാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *