ഗുവഹാത്തി: കൊറോണ വൈറസിനെ കുറിച്ച് വിചിത്ര വിശദീകരണവുമായി അസം മന്ത്രി. ഈശ്വരന്റെ സൂപ്പർകമ്പ്യൂട്ടറിന്റെ സൃഷ്ടിയാണ് കൊറോണ എന്നും ആർക്കൊക്കെ വൈറസ് ബാധയുണ്ടാകുമെന്നും രോഗബാധ മൂലം ആരൊക്കെ മരിക്കുമെന്നും ആ കമ്പ്യൂട്ടർ നിശ്ചയിക്കുന്ന പ്രകാരമാണ് നടക്കുന്നതെന്നും അസമിലെ മുതിർന്ന ബിജെപി നേതാവ് കൂടിയായ ചന്ദ്ര മോഹൻ പട്ടോവരി പ്രസ്താവിച്ചു.
കൊറോണ മൂലം മരിച്ചവരുടെ ഭാര്യമാർക്ക് ധനസഹായം നൽകുന്ന പദ്ധതി പ്രകാരം ബുധനാഴ്ച അമിൻഗാവിൽ നടന്ന സഹായധന വിതരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചന്ദ്ര മോഹൻ പട്ടോവരി. അസം സർക്കാരിൽ ഗതാഗതം, വ്യവസായം, വാണിജ്യം, നൈപുണ്യവികസനം, ന്യൂനപക്ഷ വികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്നത് പട്ടോവരിയാണ്.
‘ആർക്കൊക്കെ രോഗം ബാധിക്കണം, ആർക്കൊക്കെ രോഗം വരാതിരിക്കണം, ആരൊക്കെ ഭൂമിയിൽ നിന്ന് യാത്രയാവണം ഇതൊക്കെ പ്രകൃതിയാണ് നിശ്ചയിക്കുന്നത്. ദൈവത്തിന്റെ സൂപ്പർകമ്പ്യൂട്ടറിന്റെ തീരുമാനങ്ങളാണവ. ഈ രോഗം മനുഷ്യനിർമിതമല്ല. രണ്ട് ശതമാനം മരണനിരക്കോടെ കൊറോണയെ ഭൂമിയിലേക്ക് അയയ്ക്കാനുള്ള തീരുമാനം ആ കമ്പ്യൂട്ടറിന്റേതാണ്’. ചന്ദ്ര മോഹൻ പട്ടോവരി പറഞ്ഞു.
‘ലോകാരോഗ്യസംഘടനയും ശാസ്ത്രജ്ഞരും കൊറോണവൈറസിനെ തുരത്താനുള്ള മരുന്ന് കണ്ടുപിടിക്കുന്നതിൽ പരാജയപ്പെട്ടു, പ്രകൃതി മനുഷ്യവർഗത്തിനെതിരെയുള്ള യുദ്ധം ആരംഭിക്കുകയും ചെയ്തു’. പട്ടോവരി കൂട്ടിച്ചേർത്തു.
‘കൊറോണയെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തിയിരുന്ന എല്ലാ ശാസ്ത്രജ്ഞരും ഇപ്പോൾ എവിടെയാണ്? കൊറോണയെ നിർമാർജനം ചെയ്യാനുള്ള മരുന്ന് കണ്ടുപിടിക്കുന്നതിൽ അവർ പരാജയപ്പെട്ടു. വാക്സിൻ സ്വീകരിച്ച ശേഷവും ജനങ്ങൾ മരിക്കുകയാണ്. കൊറോണയുടെ പൂർണനിയന്ത്രണം പ്രകൃതിയ്ക്കാണ്. കൊറോണയെ തുരത്താൻ പ്രകൃതിയ്ക്ക് മാത്രമേ സാധ്യമാകൂ. നാം പ്രകൃതിക്കെതിരെ യുദ്ധം തുടങ്ങി, അതിലൂടെ നമുക്കെതിരെയുള്ള യുദ്ധവും ആരംഭിച്ചു’. ചന്ദ്ര മോഹൻ പട്ടോവരി പറഞ്ഞു.