ബംഗളൂരു: മൈസൂരുവില്‍ 22കാരിയായ എം.ബി.എ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. കേസിലെ പ്രതിയായ ഒരാള്‍ ഒളിവിലാണ്. പിടിയിലായ അഞ്ചുപേരും തമിഴ്നാട്ടിലെ തിരുപ്പൂര്‍ സ്വദേശികളാണെന്നും പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ പ്രായം എത്രയാണെന്ന് പരിശോധിച്ചുവരുകയാണെന്നും കര്‍ണാടക ഡി.ജി.പി പ്രവീണ്‍ സൂദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡ്രൈവര്‍മാരായും പെയിന്റര്‍മാരായും മറ്റും ജോലിചെയ്യുന്നവരാണ് പിടിയിലായവര്‍. ചൊവ്വാഴ്ച രാത്രി സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളെ പിടികൂടാനായത്. പെണ്‍കുട്ടി ചികിത്സയിലായതിനാല്‍ തന്നെ മൊഴി എടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തില്‍നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലും മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും ഒടുവിലാണ് പ്രതികളെ പിടികൂടാനായതെന്നും പ്രവീണ്‍ സൂദ് പറഞ്ഞു.
ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്ന കേസുകളിലെ പ്രതികളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും എല്ലാവരും തമിഴ്നാട് സ്വദേശികളാണെന്നും തൊഴിലിെന്റ ഭാഗമായി ഇവര്‍ പലപ്പോഴായി മൈസൂരുവില്‍ എത്താറുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്. ഇതിനിടെ, പെണ്‍കുട്ടിയെ മെഡിക്കല്‍ ഉപദേശത്തിന് വിരുദ്ധമായി നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്ത് ബംഗളൂരുവില്‍ എത്തിച്ചശേഷം മാതാപിതാക്കള്‍ ഹെലികോപ്ടറില്‍ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.
മൊഴി നല്‍കാനുള്ള മാനസികാവസ്ഥയില്ല കുട്ടിയെന്നും അനുയോജ്യമായ സമയത്ത് കേസുമായി പൂര്‍ണമായും സഹകരിക്കുമെന്നുമാണ് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കേസില്‍ മൂന്നു മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേരെക്കുറിച്ചും പൊലീസ് കഴിഞ്ഞ ദിവസം അന്വേഷിച്ചിരുന്നെങ്കിലും ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് വ്യക്തമായി.. ഇവര്‍ ഉള്‍പ്പെടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും അവസാനമാണ് മൈസൂരുവിലെത്തിയ തൊഴിലാളികളിലേക്ക് അന്വേഷണം നീങ്ങിയത്.
ചൊവ്വാഴ്ച രാത്രി 7.30ഒാടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം.ബി.എ വിദ്യാര്‍ഥിനിയായ 22 വയസുകാരിയെ ആറംഗ സംഘം ക്രൂര ബലാത്സംഘത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസിനും 30വയസിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിെന്റ മൊഴി. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30ഒാടെയാണ് ബൈക്കില്‍ പോയത്. തുടര്‍ന്ന് ബൈക്കില്‍നിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗ സംഘം ആക്രമിച്ചത്.
അബോധാവസ്ഥയിലാകുന്നതുവരെ പാറക്കല്ല് കൊണ്ട് യുവാവിന്റെ തലക്ക് അടിച്ചു. ബോധം വന്നപ്പോള്‍ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുറ്റിക്കാട്ടില്‍നിന്ന് അവളെ വലിച്ചിഴച്ച് കൊണ്ടിട്ടെന്നും ശരീരം മുഴുവന്‍ മുറിവേറ്റ അവസ്ഥയിലായിരുന്നുവെന്നുമാണ് യുവാവിെന്റ മൊഴി. ബലാത്സംഗത്തിെന്റ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം യുവാവിെന്റ ഫോണില്‍നിന്നും പിതാവിനെ വിളിച്ച് പ്രതികള്‍ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. എ.ഡി.ജി.പി സി.എച്ച്. പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.