മയാമി : തീവ്ര ചുഴലിക്കാറ്റായ ഐഡ ന്യൂഓർലിയൻസിൽ കരതൊട്ടു. വ്യാപക നാശം വിതച്ചു കൊണ്ടാണ് ഐഡ ആഞ്ഞടിക്കുന്നത്. മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞു വീശുന്നത്.
അമേരിക്കൻ സംസ്ഥാനമായ ലൂയിസിയാനയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഐഡ വിതക്കുന്നത്. നിലവിൽ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. പല കെട്ടിടങ്ങളുടെയും മേൽക്കൂരകൾ തകർന്നു വീണു. പലയിടങ്ങളിലും മണ്ണിടിച്ചിലുകളുണ്ടായി.
ലൂയിസിയാനയിലെ 7,50,000 വീടുകളിൽ നിലവിൽ വൈദ്യുതി വിതരണം നിലച്ചു. ഇവയിൽ പലതും പുനസ്ഥാപിക്കാൻ ആഴ്ചകളെടുക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയത്.
ചുഴലിക്കാറ്റിനെത്തുടർന്ന് ലൂയിസിയാനയിലും മിസിസിപ്പിയിലും അമേരിക്കൻ പ്രസിഡൻറ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലൂയിസിയാന ഇതുവരെ നേരിട്ടുള്ള ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഐഡ എന്നാണ് വിദഗ്ദർ പറയുന്നത്.
1850-കൾ മുതൽ മേഖലയിൽ ആഞ്ഞടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായിരിക്കുമെന്ന് ഗവർണർ ജോൺ ബെൽ എഡ്വാർഡ്സ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരത്തിലേറെ ആളുകൾ ലൂയിസിയാനയിൽ നിന്ന് പാലായനം ചെയ്തിരുന്നു.
മിസിസിപ്പി നദിയിൽ ജലനിരപ്പുയരുകയാണ്. ഇതിനെത്തുടർന്ന് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായിക ഇടനാഴികളിലേക്ക് ജലം ഒഴുകുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.