വാഷിംഗ്ടണ്‍: അഫ്ഗാനിസ്താനില്‍ നിന്നുള്ള യുഎസ് സേനാ പിന്മാറ്റം അനിവാര്യമായിരുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്. യുദ്ധം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ബൈഡന് പറഞ്ഞു. അഫ്ഗാനില്‍ ശേഷിക്കുന്ന 200 യുഎസ് പൗരന്മാരേയും തിരികെ എത്തിക്കും. തീരുമാനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ബൈഡന് കൂട്ടിച്ചേര്‍ത്തു. സേനാ പിന്മാറ്റം പൂര്‍ത്തിയായ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ ശക്തമായി പോരാടുമെന്നും ബൈഡന് മുന്നറിയിപ്പ് നല്കി.
‘ശരിയായ തീരുമാനം, മികച്ച തീരുമാനം, വിവേക പൂര്‍ണമായ തീരുമാനം’ എന്നാണ് അഫ്ഗാനില്‍ നിന്നുള്ളസേനാ പിന്മാറ്റത്തെ ബൈഡന് വിശേഷിപ്പിച്ചത്. സേനാതലവന്മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ അവസാനിപ്പിച്ചത്. സൈനികരുടെ ജീവനും അഫ്ഗാനിസ്താനില്‍ അവശേഷിക്കുന്നവരുടെ സുരക്ഷയ്ക്കും പിന്മാറ്റം അനിവാര്യമായിരുന്നു. 2500ഓളം അമേരിക്കന്‍ സൈനികരാണ് അഫ്ഗാന് മണ്ണില്‍ കൊല്ലപ്പെട്ടതെന്നും ജോ ബൈഡന് വ്യക്തമാക്കി.
അമേരിക്കയെ വേദനിപ്പിച്ചവരെ അത്രവേഗം മറക്കില്ലെന്നും ബൈഡന് പറഞ്ഞു. അഫ്ഗാനില്‍ നിന്ന് 1,20,000ത്തോളം പൗരന്മാരെയാണ് യുഎസും സഖ്യസേനകളും ഒഴിപ്പിച്ചത്. സൈന്യത്തിന്റെ അസാമാന്യമായ വിജയമാണിത്. നമ്മുടെ സൈന്യത്തിന്റെ നിസ്വാര്‍ത്ഥമായ ധൈര്യം കൊണ്ടാണ് ഈ ഒഴിപ്പിക്കല്‍ വിജയിച്ചത്. മറ്റുളളവരെ സേവിക്കാന്‍ സ്വന്തം ജീവന് തന്നെ അവര്‍ പണയം വെച്ചു. ഇത് യുദ്ധ ദൗത്യമായിരുന്നില്ല മറിച്ച് കാരുണ്യത്തിന്റെ ദൗത്യമായിരുന്നുവെന്നും ബൈഡന് പറഞ്ഞു.
സേനാ പിന്മാറ്റം വളരെ നേരത്തെയെടുക്കേണ്ട തീരുമാനമായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും അതിനോട് തീര്‍ത്തും വിയോജിക്കുന്നതായും ജോ ബൈഡന് പറഞ്ഞു. നേരത്തെ ഈ തീരുമാനം എടുത്തിരുന്നെങ്കില്‍ അത് ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചേനെ. വെല്ലുവിളികള്‍ ഇല്ലാതെ ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ഇപ്പോഴും ഭീഷണി നേരിടുന്നതായും ബൈഡന് പറഞ്ഞു.