എറണാകുളം: കൊച്ചി മേയര്‍ എം. അനില്‍കുമാറിന് ഭീഷണികത്ത്. ബിന്‍ലാദന്‍ ഉള്‍പ്പടെയുള്ളവരുടെ ചിത്രം പതിപ്പിച്ച ഭീഷണി കത്ത് തപാല്‍ വഴിയാണ് ലഭിച്ചത്. കൊച്ചി കടപ്പുറത്ത് നഗ്‌നനായി നടത്തിക്കും. പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ പറയുന്നു.
ചീഫ് കമാന്റര്‍ ഓഫ് താലിബാന്‍, ഫക്രുദ്ദീന്‍ അല്‍ത്താനി എന്ന പേരിലായിരുന്നു കത്ത്. തന്നോട് ആര്‍ക്കെങ്കിലും വിരോധമുള്ളതായി അറിയില്ലെന്നും മാനസിക വിഭ്രാന്തിയുള്ള ആരോ ആണ് ഇത് ചെയ്തതെന്നും മേയര്‍ അനില്‍കുമാര്‍ പറഞ്ഞു. എന്തായാലും ഇതിനു പിന്നാലെ നടക്കാന്‍ ഇല്ല. മേയര്‍ എന്ന നിലയില്‍ ഒരു ഭീഷണി വന്നപ്പോള്‍ അത് പോലീസില്‍ അറിയിക്കുകയാണ് ചെയ്തത്, അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ നിയമനപടി ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എല്‍ഡിഎഫ് പരാതി നല്‍കി. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്‌ട് ഫെര്‍ണാണ്ടസാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.