ലക്നോ: ഉത്തര്‍പ്രദേശില്‍ ദുരൂഹമായ ഒരിനം പനി പടര്‍ന്നുപിടിക്കുകയാണ്. പടിഞ്ഞാറന്‍ യുപിയില്‍ ഉള്‍പ്പെട്ട ആഗ്ര, മഥുര, ഫിറോസാബാദ്, മെയ്ന്‍പുരി, കാസ്ഗഞ്ച് തുടങ്ങിയ ജില്ലകളിലായി നൂറോളം പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരിക്കുന്നതില്‍ ഭൂരിഭാഗവും കുട്ടികളാണ്. പനി ബാധിച്ച് ഒരു മാസത്തിനിടെ ഫിറോസാബാദില്‍ മാത്രം അമ്ബതിന് മുകളില്‍ പേരാണ് മരിച്ചത്. അജ്ഞാത പനി ഭീതിയെ തുടര്‍ന്ന് യുപിയിലെ പല ഗ്രാമങ്ങളിലും ആളുകള്‍ വീടടച്ച് നാടുവിട്ടുതുടങ്ങിയാതും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, അജ്ഞാത രോഗം പടരുന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തി. ഫിറോസാബാദിലെ മരണങ്ങള് ഡെങ്കിപ്പനിയും സീസണല്‍ രോഗങ്ങളും മൂലമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാള്‍ വിശദീകരണം നല്‍കിയത്.
ഡെങ്കിപ്പനിയും സീസണല്‍ രോഗങ്ങളും മൂലം ഫിറോസാബാദിലെ മരണസംഖ്യ അമ്ബത് കടന്നിട്ടുണ്ട്. ആദ്യ ഘട്ടത്തിലെ മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. എന്നാല്‍ ഡെങ്കിപ്പനി ചികിത്സയോട് രോഗികള്‍ പ്രതികരിക്കുന്നുണ്ട്. സംസ്ഥാനത്ത് കൊതുകു നിയന്ത്രണം സജീവമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.