തിരുവനന്തപുരം: നിപ വൈറസ് ബാധയെത്തുടര്‍ന്ന് കേന്ദ്ര സംഘം നടത്തിയ പരിശോധയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ക്കുള്ള ശുപാര്‍ശകളുമായി ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്ര സംഘം സമര്‍പിച്ച ആദ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശകള്‍.
നിരീക്ഷണം, സമ്ബര്‍ക്കം തിരിച്ചറിയല്‍, പരിശോധനാ സംവിധാനങ്ങള്‍, ആശുപത്രി സംവിധാനങ്ങള്‍, പ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്നിവ സംബന്ധിച്ച ശുപാര്‍ശകളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്.
ആശുപത്രിയെ അടിസ്ഥാനമാക്കിയും സാമൂഹികമായും നിരീക്ഷണം ശക്തിപ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തു. ഫീല്‍ഡ് വര്‍ക്കര്‍മാര്‍ക്കിടയില്‍ രോഗ ലക്ഷണങ്ങളും രോഗവുമായി ബന്ധപ്പെട്ട അപകട സാധ്യതകളും സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
കണ്ടെയ്ന്‍മെന്റ് സോണില്‍ രോഗബാധകളുണ്ടോ എന്ന് സജീവ അന്വേഷണം വേണമെന്നും കോഴിക്കോടിന് പുറമെ സമീപ ജില്ലകളായ കണ്ണൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം ശുപാര്‍ശ ചെയ്തു.
ജില്ലാ അധികാരികള്‍ പ്രാഥമിക, ദ്വിതീയ സമ്ബര്‍ക്കങ്ങള്‍ തിരിച്ചറിയുകയും ഉയര്‍ന്ന അപകടസാധ്യതയുള്ളതും കുറഞ്ഞ അപകടസാധ്യതയുള്ളതുമായ സമ്ബര്‍ക്കങ്ങളുടെ പട്ടിക തയ്യാറാക്കുകയും വേണമെന്നും കേന്ദ്രം ശുപാര്‍ശ ചെയ്തു. എല്ലാ ഹൈ റിസ്ക് കോണ്‍ടാക്റ്റുകളും തിരിച്ചറിഞ്ഞ് ക്വാറന്റൈനിലേക്ക് മാറ്റാമെന്നും രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കാമെന്നും ശുപാര്‍ശകളില്‍ പറയുന്നു.
നിലവില്‍, എന്‍ഐവി, ആലപ്പുഴയാണ് ലബോറട്ടറി പിന്തുണ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അനുസരിച്ച്, കോഴിക്കോട് പരിശോധനാ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടി ഐസിഎംആര്‍ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു.
ചികിത്സയ്ക്കായി ഉചിതമായ മോണോക്ലോണല്‍ ആന്റിബോഡികള്‍ ലഭിക്കാനുള്ള സാധ്യത സംബന്ധിച്ചും അന്വേഷണം നടത്തും. വിവരങ്ങള്‍ ദിവസേന റിപ്പോര്‍ട്ടുചെയ്യാനും മാധ്യമങ്ങളുമായി പങ്കിടാനും ഒരു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തു.
അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റും മറ്റ് മേഖലകളുമായി ഏകോപനം നടത്തി പഴം തീനി വവ്വാലുകളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിക്കുന്നതിനുള്ള നടപടികളും അനുബന്ധ വൈറോളജിക്കല്‍ പഠനവും ആരംഭിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശകളില്‍ പറയുന്നു.
സംസ്ഥാന ആരോഗ്യമന്ത്രി വനം മന്ത്രി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര സംഘം ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ക്കും മറ്റ് ജില്ലാ തല ഓഫീസര്‍ക്കുമാര്‍ക്കും ഒപ്പം ഫീല്‍ഡ് അന്വേഷണങ്ങളും നടത്തിയിരുന്നു.
നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളില്‍ നിന്നും സമീപ വാസികളില്‍ നിന്നും വിവരം ശേഖരിക്കുകയും ചെയ്തു. പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകര്‍ തദ്ദേശ സ്ഥാപനത്തിലെ ജന പ്രതിനിധികള്‍ എന്നിവരില്‍ നിന്നും കേന്ദ്ര സംഘം വിവര ശേഖരണം നടത്തിയിരുന്നു.