തിരുവനന്തപുരം: ക്യാന്‍സറിനെ ചിരിച്ചുകൊണ്ട് നേരിട്ട അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാളാണ് സിനിമ നടന്‍ ഇന്നസെന്റ്. വേദന നിറഞ്ഞ ക്യാന്‍സര്‍ ചികിത്സയ്ക്കിടയിലും തന്റെ അനുഭവങ്ങള്‍ ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന താരത്തിന്റെ പുസ്തകത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വിഷമങ്ങളും വേദനകളും കാട്ടാതെ അതും ഒരു തമാശ രൂപേണയായിരുന്നു അദ്ദേഹം എഴുതിയത്. ഇതിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
പുസ്തകം ഹിന്ദി, കന്നഡ, തമിഴ്, ഉര്‍ദു, ഇറ്റാലിയന്‍, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്‍റെ ക്യാന്‍സര്‍ കാലത്തെ കൂടുതല്‍ അനുഭവങ്ങള്‍ ബിഹൈന്‍ഡ് വുഡ്സ് എന്ന ചാനലിലെ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഇന്നസെന്റ്. സംവിധായകനും നടനുമായ മേജര്‍ രവിയായിരുന്നു ഇന്നസെന്റിന്റെ അഭിമുഖം ചെയ്തത്. ഇന്നസെന്റ് വെളിപ്പെടുത്തുന്നത് ഇങ്ങനെ, എന്റെ ഭാര്യക്ക് രോഗം വന്നപ്പോഴാണ് ഞാന്‍ പരിഭ്രാന്തനായത് എന്നാണെന്നാണ് ഡോ. ഗംഗാധരന്‍ പറഞ്ഞത്.
നല്ലൊരു വിശ്വാസിയാണ് ഞാന്‍. ഉള്ള മതത്തില്‍ തന്നെ നിന്നുകൊണ്ടുള്ള കാര്യങ്ങള്‍ മതി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ സമയത്താണ് ചിലര്‍ വന്ന് ഇപ്പോഴുള്ളത് ശരിയല്ല കെട്ടോ, സത്യം വേറെ ഒന്നാണ് എന്നൊക്കെ പറഞ്ഞ് വരുന്നത്. അസുഖ കാല സമയത്തായിരുന്നു ഇത് കൂടുതലായി ഉണ്ടായത്. ഒരു ദിവസം ഒരു ഭാര്യയും ഭര്‍ത്താവും വന്നു. രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചതിന് ശേഷമാണ് വന്നത്. ഞാന്‍ വല്ലതും പറഞ്ഞ് അവരെ മുഷിപ്പിക്കും എന്നതിനാല്‍ ഭാര്യ ആലീസ് അവര്‍ വരുന്നതിനോട് താല്‍പര്യപ്പെട്ടിരുന്നില്ല.
ഞാന്‍ ആണെങ്കില്‍ അവര്‍ വന്ന് പറയുന്നതിന്റെ ഒരു സുഖം അനുഭവിക്കാനുള്ള ഒരു തയ്യാറെടുപ്പിലുമായിരുന്നു.അവര്‍ വന്നതിനെ കുറിച്ച് ഞാന്‍ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. സംസാരിച്ച് തുടങ്ങിയപ്പോള്‍ എനിക്ക് ഭ്രാന്താണോ എന്ന സംശയം ഉണ്ടായി. അവര്‍ വലിയ വചനങ്ങല്‍ ഒക്കെ ചൊല്ലുമ്ബോള്‍ ഞാന്‍ ഒന്നും അറിയാത്തവനെപ്പോലെ ഏത് ദിവസമായിരുന്നു യേശു അദ്ദേഹത്തിന്റെ വസതിയില്‍ വന്നത് എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. ഒടുവില്‍ എന്നെ സഹിക്കാന്‍ വയ്യാതെ അവര്‍ സ്തോത്രം പറഞ്ഞ് തിരികെ പോയി.
പിന്നെ ഒരാള്‍ വന്നിരുന്നു. അയാളുടെ മതത്തിലേക്ക് മാറാനായിരുന്നു ആവശ്യം. അവിടേയും യേശുവുണ്ട്. കുറേനാളായി കത്തോലിക്കാ സഭയില്‍ തന്നെ നില്‍ക്കുന്നു. ബോറടിച്ച് തുടങ്ങി എന്നൊക്കെ ഞാന്‍ പറഞ്ഞു. ഒരു മാറ്റം വേണം. നിങ്ങളുടെ സഭയിലേക്ക് ഞങ്ങള്‍ ആറ് പേര് വരാം പക്ഷെ എന്ത് തരും എന്ന് ചോദിച്ചു. അതോടെ സ്തോത്രം എന്നും പറഞ്ഞും അവരും പോയി. അവര്‍ക്കൊക്കെ പുറത്ത് നിന്നും നല്ല ഫണ്ടിങ് വരുന്നുണ്ടെന്നും ഇന്നസെന്റ് പറയുന്നു.