തൃശ്ശൂര്‍: മലയാളി നിയമവിദ്യാര്‍ഥിനിയെ തമിഴ്‌നാട്ടിലെ ഈറോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. തൃശ്ശൂര്‍ വലപ്പാട് സ്വദേശി ശ്രുതി(22)യുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. വലപ്പാട് എടമുട്ടത്ത് താമസിക്കുന്ന കാര്‍ത്തികേയന്‍-കൈരളി ദമ്പതിമാരുടെ മകള്‍ ശ്രുതി ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നാം വര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ശ്രുതിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും തൃശ്ശൂര്‍ റൂറല്‍ എസ്.പി.ക്കും പരാതി നല്‍കി.
ഓഗസ്റ്റ് 17-നാണ് തമിഴ്‌നാട്ടിലെ ഈറോഡില്‍ ശ്രുതിയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. മകളുടെ മരണത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നും ലഹരിമാഫിയക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നുമാണ് മാതാപിതാക്കളുടെ പരാതി.
ശ്രുതി വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് ഈറോഡ് സൗത്ത് പോലീസ് വീട്ടുകാരോട് പറഞ്ഞിരുന്നത്. ഒപ്പമുണ്ടായിരുന്ന ഒരു യുവാവിനെയും വിഷംകഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഈറോഡ് പോലീസിന്റെ തുടക്കംമുതലുള്ള ഇടപെടലുകള്‍ സംശയം ജനിപ്പിക്കുന്നതാണെന്നും ദുരൂഹതയുണ്ടെന്നും ശ്രുതിയുടെ അമ്മ പറഞ്ഞു.
”ബി.കോം കഴിഞ്ഞ് എറണാകുളത്ത് ജോലിചെയ്തിരുന്ന മകള്‍ കഴിഞ്ഞവര്‍ഷമാണ് ബെംഗളൂരുവില്‍ എല്‍.എല്‍.ബിക്ക് ചേര്‍ന്നത്. ആദ്യ ലോക്ഡൗണ്‍ കാലത്ത് വീട്ടിലായിരുന്നു ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെയാണ് ബെംഗളൂരുവിലേക്ക് തിരികെപോയത്. മാസത്തില്‍ ഒന്നോ രണ്ടോ തവണ വീട്ടില്‍ വരാറുള്ളതാണ്. ജൂലായ് ഒമ്പതാം തീയതിയാണ് അവസാനം വന്നത്. ഞങ്ങളുടെ വിവാഹവാര്‍ഷിക ആഘോഷമെല്ലാം കഴിഞ്ഞ് ജൂലായ് 13-ന് ബെംഗളൂരുവിലേക്ക് മടങ്ങി. ഓഗസ്റ്റ് 20-ന് നാട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഈ സംഭവങ്ങളെല്ലാമുണ്ടായത്.