കാബൂള്‍: കാബൂളില്‍ പാക് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. കാബൂള്‍ നഗരത്തില്‍ പാക് വിരുദ്ധ റാലിയുമായി സ്ത്രീകളുള്‍പ്പെടെ ആയിരങ്ങളാണ് തെരുവിലേയ്ക്ക് ഇറങ്ങിയത്. പ്രതിഷേധം നടത്തിയവരെ പിരിച്ചുവിടാന്‍ ആകാശത്തേക്കു താലിബാന് ഭീകരര്‍ വെടിയുതിര്‍ത്തു. പാകിസ്ഥാന് താലിബാനെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നത്.
ഇസ്ലാമാബാദിനും ഐഎസ്ഐക്കുമെതിരെ മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് പ്രതിഷേധം നടത്തിയത്. പാകിസ്ഥാനെതിരെയുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു റാലി. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ഇവിടെ നിന്ന് കാബൂള്‍ സെറീന ഹോട്ടലിലേക്കായിരുന്നു മാര്‍ച്ച് നടന്നത്. പാക് ഐഎസ്ഐ മേധാവി ഏതാനും ദിവസങ്ങളായി ഈ ഹോട്ടലില്‍ തങ്ങിയിരുന്നു.
അതേസമയം താലിബാനുള്ളിലെ ഉള്‍പ്പോരും ആഭ്യന്തര പ്രശ്നങ്ങളും പരിഹരിക്കാന്‍ ഐഎസ്ഐ മദ്ധ്യസ്ഥത വഹിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തെരുവുകളിലൂടെ പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ച് ജനങ്ങള്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോയും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി താലിബാന് എല്ലാ വിധ പിന്തുണയും നല്കി വരുന്ന രാജ്യമാണ് പാകിസ്ഥാന്. തങ്ങളുടെ രണ്ടാം വീടാണ് പാകിസ്ഥാന് എന്നാണ് താലിബാന് അവകാശപ്പെടുന്നത്. താലിബാന്റെ സര്‍ക്കാര്‍ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച രാജ്യങ്ങളിലൊന്നും പാകിസ്ഥാനാണ്. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലും പാകിസ്താന് നിര്‍ണായക പങ്കാളിത്തമുണ്ടാകുമെന്ന് താലിബാന് വക്താക്കളിലൊരാളായ സുഹൈല്‍ ഷഹീന് പറഞ്ഞിരുന്നു.