ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ഒളിച്ചുകളി തുടര്‍ന്ന് കേന്ദ്രം. ഫോണ്‍ ചോര്‍ത്തിയോ എന്ന വിഷയത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. വിഷയം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും ഈ സമിതിയുടെ മുന്നില്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
എന്നാല്‍ സമിതി എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് കോടതി യോജിച്ചില്ല. കേസ് ഇടക്കാല ഉത്തരവിനായി മാറ്റിവച്ചു. വ്യാഴാഴ്ച കേസില്‍ ഇടക്കാല ഉത്തരവുണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
അന്വേഷിക്കാന്‍ നിയോഗിക്കുന്ന പ്രത്യേക സമിതിയില്‍ സര്‍ക്കാരുമായി ബന്ധമുള്ള ആരും ഉണ്ടാകില്ലെന്നും സമിതിയുടെ അന്വേഷണം കോടതി നിരീക്ഷണത്തിലാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്രം വ്യക്തമാക്കിയപ്പോള്‍ സമിതിയുടെ കാര്യം ആവര്‍ത്തിക്കേണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ദേശീയ സുരക്ഷയ്ക്ക് ചില നിരീക്ഷണങ്ങള്‍ വേണ്ടിവരുമെന്നും ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്കാന് കഴിയില്ലെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചത്. അവകാശ ലംഘനം ഉയര്‍ത്തിയിരിക്കുന്നത് രാജ്യത്തെ പൗരന്മാരാണെന്നും ഒരു വിഭാഗം ആളുകളെ നിരീക്ഷിക്കാന്‍ പെഗാസസ് സോഫ്റ്റ് വയര്‍ ഉപയോഗിച്ചോ എന്നതാണ് പ്രശ്മെന്നാണ് കോടതി വ്യക്തമാക്കിയത്.