തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിവിട്ട കെ പി അനില്‍കുമാര്‍ സിപിഎമ്മിലേക്ക് വന്നത് പ്രലോഭനങ്ങളൊന്നുമില്ലാതെയാണെന്നും സിപിഎമ്മില്‍ അര്‍ഹമായ പരിഗണന എല്ലാവര്‍ക്കും ലഭിക്കുമെന്നും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അനില്‍ കുമാറിനെ സന്തോഷപൂര്‍വം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും എകെജി സെന്ററില്‍ അനില്‍കുമാറിനെ സ്വീകരിച്ചുകൊണ്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
സംഘടനാ പ്രശ്‌നങ്ങള്‍ മാത്രമല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടുകൂടിയാണ് അനില്‍കുമാര്‍ പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനെ അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് പാര്‍ട്ടി എല്ലാവിധ പിന്തുണയും നല്‍കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് കേരളത്തിന്റെ ഭാവിയെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുകൂടിയാണ് ഇത്തരത്തിലുള്ള മാറ്റങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റപ്പോള്‍ പറഞ്ഞത് കോണ്‍ഗ്രസില്‍ നിന്ന് ഇനി ഒരാളും പുറത്തുപോകില്ലെന്നാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ ഉരുള്‍പ്പെട്ടലാണിപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമാണ് കെപിസിസി ഓഫീസിന്റെ താക്കോല്‍ വരെ സൂക്ഷിച്ച സംഘടനാ സെക്രട്ടറി തന്നെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയതെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസിലും ഗുരുതരമായ പ്രശ്‌നങ്ങളാണുള്ളത്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനി ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രതീക്ഷ കോണ്‍ഗ്രസ് അണികള്‍ക്ക് നഷ്ടപ്പെട്ടു. ദേശീയതലത്തിലും കോണ്‍ഗ്രസില്‍ തമ്മിലടിയും പ്രശ്‌നങ്ങളുമാണ്.
കോണ്‍ഗ്രസിലെ സെമി കേഡര്‍ സംവിധാനം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. കേഡര്‍ പാര്‍ട്ടി എന്ന് പറഞ്ഞതുകൊണ്ട് മാത്രം കേഡര്‍ പാര്‍ട്ടിയാകില്ല. ഇതിനാവശ്യമായ പ്രത്യയശാസ്ത്രം, സംഘടനാ സംവിധാനം എന്നിവ വേണം. കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ കേഡര്‍ സംവിധാനത്തിന് സഹായകരമല്ല. കോണ്‍ഗ്രസ് പറയുന്നതെന്താണെന്ന് അവരുടെ അണികള്‍ക്ക് തന്നെ അറിയാത്ത സ്ഥിതിയാണ്.-കോടിയേരി പരിഹസിച്ചു.