എസ്ഐയെ വാഹനത്തില്‍ നിന്ന് വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ചെരുപ്പ് കൊണ്ട് സല്യൂട്ട് അടിച്ചായിരുന്നു പ്രതിഷേധം. പാലക്കാട് അഞ്ചുവിളക്കിലായിരുന്നു ഈ പ്രതിഷേധം.
പാര്‍ലമെന്റ് അംഗത്തിന് സല്യൂട്ട് അടിക്കേണ്ടതില്ലെന്ന് ആരു പറഞ്ഞെന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം. സല്യൂട്ടടിപ്പിച്ചതില്‍ പരാതിയുണ്ടെങ്കില്‍ രാജ്യസഭാ ചെയര്മാന് പരാതി നല്‍കൂവെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘സല്യൂട്ട് വിവാദത്തില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ പാര്‍ലമെന്റിലെത്തി ചെയര്മാന് പരാതി നല്‍കൂ. പൊലീസ് അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാനൊക്കത്തില്ല. അതെല്ലാം അവരുടെ വെല്‍ഫയറിന് മാത്രം. എംപിക്ക് സല്യൂട്ടടിക്കേണ്ടതില്ലെന്ന ആരു പറഞ്ഞു. പൊലീസ് കേരളത്തിലാ. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അതനുസരിച്ചേ പറ്റൂ. ഇക്കാര്യത്തില്‍ ഡിജിപി പറയട്ടെ. നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമാക്കിയാണ്. ഞാന്‍ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കാനാവില്ല.’- സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഒല്ലൂര്‍ എസ്ഐയെ സിനിമാ സ്റ്റൈലില്‍ വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത്. ‘ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്’ എന്നാണ് സുരേഷ് ഗോപി എസ്ഐയോട് പറഞ്ഞത്. പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സല്യൂട്ട് ചെയ്യേണ്ടതില്ല.