അബുദാബി: ടൂറിസം സാംസ്കാരിക വിഭാഗം ഏര്‍പ്പെടുത്തിയ പത്തുവര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വീസ മലയാളത്തിന്റെ യുവ നടന് ദുല്‍ഖര്‍ സല്മാന് സ്വന്തമാക്കി. ടൂറിസം ആന്‍ഡ് സാംസ്കാരിക വിഭാഗത്തിന്റെ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സെക്രട്ടറി സയിദ് അബ്ദുല്‍ അസീസ് അല്‍ ഹൊസാനി, ദുല്‍ഖര്‍ സല്മാന് ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. ചടങ്ങില്‍ ടു ഫോര്‍ ഫിഫ്റ്റി ഫോര്‍ ഡയറക്ടര്‍ ബദരിയ അല്‍ മസൂരി, ലൂലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇതോടെ ഗോള്‍ഡന്‍ വീസ സ്വന്തമാക്കുന്ന മലയാളത്തിലെ അഞ്ചാമത്തെ നടനായി ദുല്‍ഖര്‍ സല്മാന്. മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ, പൃഥിരാജ് എന്നിവരാണ് നേരത്തെ ഈ ബഹുമതിക്ക് അര്‍ഹരായവര്‍.
ദുല്‍ഖര്‍ ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനത്തെ അല്‍ ഹൊസാനി അഭിനന്ദിക്കുകയും മേഖലയിലെ സിനിമാ നിര്‍മാണത്തിന്റെ കേന്ദ്രമായി മാറാനുള്ള അബുദാബിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യന്‍ സിനിമാ വ്യവസായത്തെ അബുദാബിയിലേക്ക് സ്വാഗതം ചെയ്ത അദ്ദേഹം മലയാള സിനിമാ വ്യവസായത്തിന് എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു.
യൂസഫ് അലിയുടെ സാന്നിധ്യത്തില്‍ സയിദ് അബ്ദുല്‍ അസീസില്‍ നിന്ന് ഈ ബഹുമതി ലഭിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. അബുദാബി സര്‍ക്കാരിന്റെ ഭാവി പദ്ധതികള്‍ സിനിമയും നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയും പുതിയ പ്രതിഭകളെ പ്രാദേശികമായും അന്തര്‍ദേശീയമായും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അദ്ഭുതമായിരിക്കുന്നു. അബുദാബിയിലും യുഎഇയിലും നിര്‍മാണങ്ങളും ചിത്രീകരണങ്ങളും പ്രതീക്ഷിക്കുന്നതായും ദുല്‍ഖര്‍ സല്മാന് പറഞ്ഞു