യൂട്യൂബ് ചാനല്‍ വരുമാനമായി പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കോവിഡ് കാലത്തു താന്‍ വീട്ടില്‍ പാചകം ചെയ്യുകയും വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രഭാഷണം നടത്തുകയും ചെയ്തതാണ് യുട്യൂബിലുള്ളതെന്ന് മന്ത്രി പറഞ്ഞു.
എന്നാല്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ചത് ലെക്ചറിങ് വീഡിയോയില്‍ നിന്നാണെന്ന് മന്ത്രി വ്യക്തമാക്കുന്നു. ലെക്ചറിങ് വീഡിയോയില്‍ നിന്ന് ലഭിച്ച പണത്തിലൂടെയാണ് കോവിഡ് കാലത്ത് വരുമാനം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ഷെഫ് ആയി, വീട്ടില്‍ ഞാന്‍ പാചകം തുടങ്ങിയതോടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസെടുത്ത് തുടങ്ങി. വിദേശ യൂണിവേഴ്സിറ്റികളിലെ വിദ്യാര്ഥികള്ക്കുള്പെടെ ഓണ്‍ലൈന്‍ വഴി 950 ലെക്ചറുകള് നടത്തി. ഇതെല്ലാം യൂട്യൂബില്‍ അപ് ലോഡ് ചെയ്തു. പിന്നീട് കാഴ്ചക്കാര്‍ വര്‍ധിച്ചതോടെ വരുമാനമായി 4 ലക്ഷം കിട്ടിത്തുടങ്ങി. കാഴ്ചക്കാരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2.04 ലക്ഷം പേരാണ് ഗഡ്കരിയുടെ ചാനല്‍ പിന്തുടരുന്നത്.
ഇന്‍ഡ്യയില്‍ നന്നായി ജോലി ചെയ്യുന്നവര്‍ക്ക് അഭിനന്ദനം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ-ഡെല്‍ഹി എക്സ്പ്രസ് വേ നിര്‍മാണം വിലയിരുത്താന്‍ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.