പോലീസ് എന്ന് കേട്ടാൽ ഇന്നത്തെ ഒരു സാഹചര്യത്തിൽ നമ്മുടെ മനസ്സിലൂടെ പല സംഭവങ്ങൾ മിന്നിമായും. ഒരു പേടി സ്വപനം തന്നെയാണ് ഇന്നും സാധാരണക്കാർക്ക് പോലീസ് ഉദ്യോഗസ്ഥർ. അതിനെ ശരി വെയ്ക്കുന്ന വാർത്തകളാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.
അത്തരം ഒരു നെഗറ്റീവ് പ്രതിച്ഛായ പോലീസുകാർക്ക് ഉണ്ടായത് ഉദ്യോഗസ്ഥർക്ക് ഇടയിലെ തന്നെ ചില ക്രിമിനൽ ഉദ്യോഗസ്ഥരാണ്. പക്ഷേ അവർക്കിടയിൽ ഒത്തിരി നല്ല മനുഷ്യർ ഉണ്ട്. അത്തരം വാർത്തകളും നമ്മൾ കേൾക്കുന്നതാണ്.
എന്നാൽ നമ്മളുടേതു പോലെ പൗരബോധം തീരെ കുറഞ്ഞ രാജ്യങ്ങളിൽ ജനത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും പോലീസ് സംവിധാനം ശക്തമായി നിൽക്കേണ്ടത് അത്യാവശ്യമാണ് എന്ന് ഓർമ്മിക്കുകയാണ് ആലപ്പുഴയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ. കുട്ടികളെ പോലീസ് ഉദ്യോഗസ്ഥരുമായി സുഹൃത്ത് ബന്ധം വളർത്തിയെടക്കനം എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. കുട്ടികളും പോലീസുകാരും തമ്മിലുളള ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷനുകൾ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
ജയചന്ദ്രൻ്റെ കുറിപ്പിലെയ്ക്ക്:
പോലീസ് മാമൻ ഭീകരജീവി അല്ല..
×××××××××××××××
പലപ്പോഴും ഞങ്ങൾ പോലീസ് ഉദ്യോഗസ്ഥർ വേണ്ടപ്പെട്ട ആരുടെയെങ്കിലും വീട്ടിൽ ചെല്ലുമ്പോൾ പലപ്പോഴും അഭിമുഖീകരിയ്ക്കുന്ന ഒന്നാണ്, ആ വീട്ടിലെ കുട്ടിയെ ഞങ്ങളെ കാണിച്ചിട്ട് പറയും ”ങാ.. ദേ ഈ മാമൻ പോലീസാ… നിന്നെ പിടിച്ചോണ്ട് പോകും”….
കുട്ടികളെ ഉറക്കാൻ, ഭക്ഷണം കഴിപ്പിയ്ക്കാൻ, കുളിപ്പിയ്ക്കാൻ, അനുസരണ ഉണ്ടാക്കുവാൻ ഒക്കെ ഇപ്പോഴും പോലീസിനെ വിളിയ്ക്കും എന്ന് പറഞ്ഞു പേടിപ്പിയ്ക്കുന്ന രക്ഷകർത്താക്കൾ നിരവധിയാണ്….
സായിപ്പ് പണ്ട് ഇന്ത്യയിൽ പോലീസ് സംവിധാനം കൊണ്ടുവന്നത് അവരെ അനുസരിയ്ക്കാത്തവരെ അടിച്ചമർത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു....
അതുകൊണ്ട് തന്നെ ഇന്നത്തെ SP റാങ്കിലുള്ള അന്നത്തെ ഉദ്യോഗസ്ഥർ സായിപ്പന്മാരും, ഇന്നത്തെ ഓഫീസർ റാങ്കിലുള്ള അന്നത്തെ ഉദ്യോഗസ്ഥർ ജന്മിമാരുടെയും മാടമ്പിമാരുടെയും മക്കളും, ഇന്നത്തെ സിവിൽ പോലീസ് ഉദ്യോഗസ്ഥരുടെ നിലയിലുള്ളവർ അന്നത്തെ കവലച്ചട്ടമ്പിമാരും ആയിരുന്നു...
എന്നാൽ ഇന്ന് നിലമാറി... സ്റ്റുഡന്റ് പോലീസും, ജനമൈത്രിയും മറ്റ് അനേക ജനപക്ഷ പ്രവർത്തനങ്ങളുമായി പോലീസ് ജനത്തിന്റെ ഭാഗമാണ്....
'''പോലീസ് ജനങ്ങളാണ്... ജനങ്ങൾ പോലീസും'' എന്നതാണ് പുതിയകാല പോലിസിന്റെ മുദ്രാവാക്യം തന്നെ...
അപ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യം ''നിങ്ങൾ പോലീസ് അതിക്രമത്തെ കുറിച്ചുള്ള വാർത്തകൾ ഒന്നും കാണാറില്ലേ'' എന്നാവും....
പോലീസ് സമൂഹത്തിന്റെ ഒരു പരിശ്ചേതമാണ്..
സമൂഹത്തിലെ എല്ലാ നന്മതിന്മകളും പോലീസിലും ഉണ്ടായേക്കാം….
എന്നാൽ ഒന്നുണ്ട് കേരളത്തിന്റെ കഴിഞ്ഞ അൻപതുകൊല്ലം അല്ലങ്കിൽ എഴുപതു കൊല്ലത്തെ ചരിത്രം പരിശോധിച്ചാൽ പോലീസിൽ ഉണ്ടായ മാറ്റം മനസ്സിലാക്കുവാൻ സാധിയ്ക്കും.
പഴയ കാലത്തെ രാഷ്ട്രീയ, ആതുര ശുശ്രൂഷ, അധ്യാപക, വിദ്യാർഥി, കാർഷിക, പൗരോഹത്യ, മാധ്യമ തുടങ്ങി ഏത് മേഖല നോക്കിയാലും മൂല്യച്യുതി കാണുവാൻ സാധിയ്ക്കും...
എന്നാൽ ഗരുഡൻ തങ്കപ്പൻ , ഇടിയൻ പത്രോസ്, മീശപറിയൻ കേശവൻ തുടങ്ങിയ ഭീകര പേരിൽ അറിയപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇന്നില്ല.. ഇന്ന് എല്ലാവരും ചേട്ടന്മാരും അങ്കിളും ഒക്കെയാണ്…
പഴയകാല പോലീസ് നാട്ടുകാർക്കും, വീട്ടുകാർക്ക് പോലും അടുപ്പം നൽകാത്ത ആളായിരുന്നു എങ്കിൽ ഇന്നത്തെ പോലീസ് നാട്ടിലെ സാമൂഹ്യ സാംസ്ക്കാരിക വേദികളിലെ നിറഞ്ഞ സാന്നിധ്യമാണ്...
അങ്ങനെ മാറിയ പോലീസിനെയാണ് ഇപ്പോളും കുട്ടികളെ പേടിപ്പിയ്ക്കുന്നതിന് ഭീകരരായി അവതരിപ്പിയ്ക്കുന്നത്....
സ്വാഭാവികമായും കുട്ടിയുടെ മനസ്സിൽ പോലീസ് മോശം ആണെന്ന തോന്നൽ വളർന്നുവരും....
അവൻ കാണുന്ന സിനിമകളിലും പോലീസിനെ അവതരിപ്പിയ്ക്കുന്നത് മോശക്കാരൻ ആയിട്ടാണ്....
ഈ ബോധത്തിൽ വളർന്നുവരുന്ന കുട്ടിയ്ക്ക് സമരമുഖത്തു കാണുന്ന പൊലീസ് എറിഞ്ഞു തകർക്കേണ്ടവൻ ആണെന്നൊരു തോന്നൽ ഉണ്ടായേക്കാം....
ഭരിയ്ക്കുന്ന സർക്കാരിനെതിരെ സമരം ചെയ്യുന്ന ഒരുവന് അവിടെ ലോ ആൻഡ് ഓർഡർ ഡ്യൂട്ടി നോക്കുന്ന പോലീസിനെ എറിയുമ്പോൾ സർക്കാരിനെയോ മന്ത്രിയെയോ എറിഞ്ഞ ഒരു ആത്മസുഖം ലഭിയ്ക്കുന്നു...
സിനിമയിലെ നായകനെ അനുകരിച്ച് പോലീസിന്റെ തലയിൽ കുതിരകയറാൻ വരുന്നവരും, അര ലക്ഷത്തിൽ അധികമുള്ള പോലീസ് ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഒരാൾ കാണിയ്ക്കുന്ന തെറ്റിനെ പർവ്വതീകരിച്ച് എല്ലാവരെയും അടച്ച് ആക്ഷേപിയ്ക്കുന്നവരും അറിഞ്ഞോ അറിയാതെയോ പോലീസ് എന്ന സിസ്റ്റത്തെ ദുർബലപ്പെടുത്താൻ ശ്രമിയ്ക്കുകയാണ്.....
ഒന്ന് ഓർക്കുക... നാട്ടിൽ മാഫിയ പ്രവർത്തനം നടത്തുന്നവനും, ഗുണ്ടകൾക്കും, കള്ളനും, കൊള്ളക്കാരനും, മയക്കുമരുന്നു കച്ചവടക്കാരനും, തീവ്രവാദിയ്ക്കും തുടങ്ങി നിയമ വ്യവസ്ഥ തകരണം എന്ന ആഗ്രഹമുള്ള പലർക്കും പോലീസ് ഇനാക്ടിവ് ആകുന്നതാണ് ഇഷ്ടം....
ഇനി അങ്ങനെ പോലീസ് നിഷ്ക്രിയമായാലോ.....???
പല നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളിപോലെ അധികാരം ഉള്ളവർക്ക് മാത്രമായോ അല്ലെങ്കിൽ ചില ആഫ്രിയ്ക്കൻ രാജ്യങ്ങളിലെ പോലെ കൈക്കരുത്ത് ഉള്ളവർക്ക് മാത്രമേ സംരക്ഷണം ലഭിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തും...
പോലീസ് ഇല്ലെങ്കിൽ ഗുണ്ടാ സംഘങ്ങൾ (ചില സിനിമകളിൽ ബോംബെ ചേരികൾ കാണിയ്ക്കുന്നത് പോലെ) ആ
റോൾ ഏറ്റെടുക്കും…
അപ്പോൾ നീതിയ്ക്കും നിയമത്തിനും പകരം പണത്തിനാവും മുൻതൂക്കം…..
''ആക്ഷൻ ഹീറോ ബിജു'' എന്ന ചിത്രത്തിൽ നിവിൻ പൊളി പറയുന്നതുപോലെ ഇവിടെ നിയമവും പോലീസും ഉള്ളതുകൊണ്ടാണ് സുഖമായി എല്ലാവരും കിടന്നുറങ്ങുന്നതും ആരുടെയും ജീവനും സ്വത്തും തട്ടിപ്പറിയ്ക്കാത്തതും എന്നതാണ് സത്യം...
ചിലർ പറഞ്ഞു കേൾക്കാറുണ്ട് ”മതം ഇല്ലാത്ത രാജ്യങ്ങളിൽ ആണ് മനുഷ്യർ ഏറ്റവും സന്തോഷത്തോടെ ജീവിയ്ക്കുന്നത്” എന്ന്….
യഥാർഥത്തിൽ മതം ഇല്ലാത്തതുകൊണ്ടല്ല അവർക്ക് ഉന്നതമായ പൗരബോധം (civic sense) ഉള്ളതുകൊണ്ടാണ്....
ഗുരുദേവൻ പറഞ്ഞതുപോലെ ”അവനവന് ആത്മസുഖത്തിന് ആചരിയ്ക്കുന്നവ അപരനും സുഖത്തിനായ് വരേണം” എന്ന ബോധം അവർക്കുണ്ട്.
സ്വാഭാവികമായും അവിടെ പോലീസ് ജോലി എളുപ്പമാവും, മതങ്ങൾക്കും ദൈനംദിന ജീവിതത്തിലെ ഇടപെടൽ കുറയ്ക്കാൻ പറ്റും…
എന്നാൽ നമ്മളുടേതു പോലെ പൗരബോധം തീരെ കുറഞ്ഞ രാജ്യങ്ങളിൽ ജനത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും പോലീസ് സംവിധാനം ശക്തമായി നിൽക്കേണ്ടത് അത്യാവശ്യമാണ്..
അതുകൊണ്ട് കുട്ടികളെ പൊലീസ് ഭീകരന്മാർ ആണെന്ന് പറഞ്ഞു പേടിപ്പിയ്ക്കാതെ വളർത്തുക...
പല വിദേശ രാജ്യങ്ങളിലും സ്‌കൂളിൽ നിന്നും മറ്റും കുട്ടികൾ വീട്ടിൽ എത്തുന്ന സമയം രക്ഷാകർത്താക്കൾ വീട്ടിൽ ഇല്ലെങ്കിൽ അടുത്ത പോലീസ് സ്റ്റേഷനിൽ കുട്ടിയെ ഏൽപ്പിയ്ക്കു എന്നാണ് പറയുന്നത്....
അതിന്റെ ചുവട് പിടിച്ച് നമ്മുടെ നാട്ടിലും നിരവധി ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷനുകൾ ഉണ്ട്...
കുട്ടികളും പോലീസുകാരും തമ്മിലുളള ബന്ധം ശക്തമാക്കുക, അവർക്ക് പോലീസിനെ ഇപ്പോഴും സമീപിയ്ക്കാവുന്ന മാനസിക അടുപ്പം ഉണ്ടാക്കുക, സ്റ്റേഷനിൽ പരാതിയുമായി വരുന്ന രക്ഷാകർത്താക്കളുടെ (പ്രത്യേകിച്ച് കുടുംബ പ്രശ്നങ്ങൾ) വിഷമം കുട്ടികൾ കാണാതിരിയ്ക്കുവാനും, അവർക്ക് കളിയ്ക്കുകയോ വായിയ്ക്കുകയോ ഒക്കെ ചെയ്യുവാനുള്ള സൗകര്യം ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്....
ഒന്ന് കൂടി പറഞ്ഞു നിർത്തുന്നു....
വീട്ടിൽ നിന്നും പോയ കുട്ടി സമയത്ത് വരാതിരിയ്ക്കുകയോ അല്ലങ്കിൽ അർധരാത്രി വേണ്ടപ്പെട്ടവർ അപകടത്തിൽ പെട്ടു എന്ന് അറിയുമ്പോൾ ''എന്റെ ദൈവമേ'' എന്ന് നിലവിളിച്ച് പ്രാർത്ഥിയ്ക്കുന്നവർക്ക് വേണ്ടി സിനിമയിലോ സീരിയലിലോ കാണുമ്പോലെ ആകാശത്ത് ഒരു വെള്ളിടി വെട്ടി അതിൽനിന്നും ശൂഭ്ര വസ്ത്രധാരിയായി ദൈവം ഇറങ്ങി വരില്ല പകരം ദൈവ ദൂതനെപ്പോലെ ഒരു പോലീസ് വാഹനം വന്നു നിൽക്കും....
അതുകൊണ്ട് ഓർക്കുക പോലീസ് കുട്ടികൾക്ക് പറയുന്ന കഥയിലെ ഭീകരനായല്ല ചിത്രീകരിയ്ക്കേണ്ടത്…. ദൈവത്തിന്റെ കയ്യൊപ്പുള്ള രക്ഷകനായാണ്..
അതാണ് ഞങ്ങൾ….
പോലീസ് ആയതിൽ അഭിമാനിയ്ക്കുന്നു…..
ജയചന്ദ്രൻ KV
തുമ്പോളി.
ADNO HOPE പ്രൊജക്റ്റ്, ആലപ്പുഴ