ഇരിങ്ങാലക്കുട (തൃശൂര്‍): കാണാതായെന്ന് അഭ്യൂഹമുയര്‍ന്ന, കരുവന്നൂര്‍ സഹകരണ ബാങ്ക് സാമ്ബത്തിക തട്ടിപ്പ് വിഷയത്തില്‍ സി.പി.എമ്മിന് പരാതി നല്‍കിയ മാടായിക്കോണം കണ്ണാട്ട് വീട്ടില്‍ സുജേഷ് (37) വീട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്.
ശനിയാഴ്ച രാവിലെ ഏഴരയോടെ കാറുമായി പോയ സുജേഷ് തിരിച്ചെത്തിയില്ലെന്നും രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നും കാണിച്ച് സഹോദരന്‍ സുരേഷ് ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് പുലര്‍ച്ചെ തിരിച്ചെത്തിയത്. പറശ്ശിനിക്കടവിലേക്ക് യാത്ര പോയതാെണന്നാണ് സുജേഷിന്‍റെ വിശദീകരണം. കേസെടുത്ത സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കും.
പാര്‍ട്ടിക്ക് പരാതി നല്‍കുകയും ബാങ്കിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തുകയും ചെയ്തതിെന്റ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സുജേഷ് പുറത്താക്കപ്പെട്ടിരുന്നു. തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന സുജേഷ് ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. കുറ്റക്കാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബാങ്കിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സി.പി.എം പൊറത്തിശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി പുറത്താക്കുകയായിരുന്നു.
സി.പി.എം മാടായിക്കോണം സ്കൂള്‍ ബ്രാഞ്ചിലാണ് സുജേഷ് പ്രവര്‍ത്തിച്ചിരുന്നത്. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുജേഷ് മൂന്ന് തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു.