പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിനോ സമ്മേളനങ്ങള്‍ നടത്തുന്നതിനോ തന്റെ പേര് ഉപയോഗിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് തമിഴ് സൂപ്പര്‍ താരം വിജയ് കോടതിയെ സമീപിച്ചു. മാതാപിതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് കേസ്. പിതാവ് എസ്.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ചന്ദ്രശേഖര്‍ എന്നിവരെ കൂടാതെ ഫാന്‍സ് അസോസിയേഷന് ഭാരവാഹികളായ ഒമ്ബതുപേര്‍ക്കും എതിരെയാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
എന്റെ അച്ഛന് പുറത്തിറക്കുന്ന പ്രസ്താവനകളുമായി നേരിട്ടോ അല്ലാതെയോ എനിക്ക് ഒരു ബന്ധവുമില്ല. അച്ഛന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പിന്തുടരേണ്ട ആവശ്യം എനിക്ക് ഇല്ല. അച്ഛന് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് ഒഴിവാക്കണമെന്നാണ് എന്റെ ആരാധകരോട് പറയാനുള്ളത്. എന്റെ പേരോ, ചിത്രമോ, എന്റെ ആരാധക കൂട്ടായ്മയേയോ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചാല്‍ ഞാന്‍ അവര്‍ക്ക് നേരെ വേണ്ട നടപടി സ്വീകരിക്കും,’ തന്റെ ഔദ്യോഗിക പ്രസ്താവനയില്‍ വിജയ് പറഞ്ഞു.
വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും പാര്‍ട്ടി രൂപീകരിക്കുമെന്നും ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിജയ്യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബന്ധുവായ പത്മനാഭനെ പാര്‍ട്ടി പ്രസിഡന്റായും ശോഭയെ ട്രഷററായും നിയമിക്കുമെന്നും താന്‍ ജനറല്‍ സെക്രട്ടറിയാകുമെന്നും ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു.
കൂടാതെ വിജയ്യുടെ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ ചന്ദ്രശേഖര്‍ രാഷ്ട്രീയപാര്‍ട്ടിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും പാര്‍ട്ടിയില്‍ ആരും അംഗത്വമെടുക്കരുതെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു.
തമിഴ്നാട്ടില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് മക്കള്‍ ഇയക്കം തയാറെടുക്കുന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്യുടെ ഹര്‍ജി. വിജയ്യുടെ ഹര്‍ജി ഈ മാസം 27ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.