ആലപ്പുഴ: ലവ് ജിഹാദും മതപരിവര്‍ത്തനവും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുസ് ലിംകള്‍ക്കിടയില്‍ ഒരു മതപരിവര്‍ത്തനം നടത്തുമ്ബോള്‍ മറുഭാഗത്ത് ഡസന്‍ കണക്കിനാണ് നടക്കുന്നതെന്നും എന്തുകൊണ്ട് ഇതാരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി ചോദിച്ചു.
മതസ്പര്‍ധയുണ്ടാക്കുന്നതാരാണ്? ഞങ്ങളാണോ . ഈ സത്യങ്ങള്‍ തുറന്നുപറയുമ്ബോഴെല്ലാം അവരെല്ലാം ദേശീയവാദികളും ഞങ്ങളെല്ലാം വര്‍ഗീയവാദികളുമാണ്. ന്യൂനപക്ഷമെന്ന് പറഞ്ഞുകൊണ്ട് ഈ രാജ്യത്തിന്റെ ഖജനാവ് മുഴുവന്‍ ചോര്ത്തിക്കൊണ്ടുപോവുകയാണ്. സംഘടിത വോട്ട്ബാങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അര്‍ഹതപ്പെട്ടതും അതില്‍ കൂടുതലും ഈ വിഭാഗക്കാര്‍ വാരിക്കൊണ്ട് പോവുകയാണ്. മറ്റ് പിന്നോക്ക, പട്ടികജാതി വര്‍ഗ ,സമുദായത്തിന് എന്ത് നീതി കൊടുത്തെന്ന് പരിശോധിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംഘടിത വോട്ട് ബാങ്കിന് മുന്നില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സാഷ്ടാംഗം പ്രണാമം ചെയ്യുകയാണ്. ജനാധിപത്യത്തില്‍ വോട്ടിനാണ് പ്രാധാന്യം. ന്യൂനപക്ഷ വിഭാഗം ദേശീയ രാഷ്ട്രീയ പാര്‍ട്ടികളെയും മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദീപികയുടെ തലപ്പത്തിരുന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ പറഞ്ഞത് സംസ്ക്കാരത്തിന് നിരക്കാത്തതാണ്. വര്‍ഗീയ വിഷം വമിക്കുന്ന പരാമര്‍ശം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് ശരിയല്ല.
സീനിയറായ വൈദികന്റെ ഭാഗത്ത് നിന്നുമാണ് ഈഴവര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായത്. വൈദികപട്ടം കിട്ടുന്നത് ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസന്‍സ് അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെയും വെള്ളാപ്പള്ളി തള്ളി. മയക്കുമരുന്നിന്റെ പേരില്‍ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. നാട്ടിലെ സ്കൂള്‍ കോളേജ് പരിസരങ്ങളില്‍ എല്ലാം മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ട്. ഇതെല്ലാം തടയേണ്ടത് സര്‍ക്കാരാണ്. മുസ്ലിം സമുദായത്തെ മാത്രം അതിന്റെ പേരില്‍ കുറ്റം പറഞ്ഞത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.