ന്യൂ ഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 26,964 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 383 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 4.45 ലക്ഷമാണ്. എന്നാൽ ഇന്ത്യയിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ നിലവിലെ എണ്ണം 3.01 ലക്ഷമായി കുറഞ്ഞു.
കേരളത്തിൽ ഇന്നലെ 15,768 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 214 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ ചികത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 1.61 ലക്ഷമാണ്.
അതേസമയം, ഇന്ത്യയിലെ കൊറോണ -19ന്റെ ആർ-വാല്യു അഥവാ പ്രത്യുത്പാദന സംഖ്യ ഓഗസ്റ്റ് അവസാനത്തിൽ 1.17 ആയിരുന്നത് സെപ്റ്റംബർ പകുതിയോടെ 0.92 ആയി കുറഞ്ഞു. ഇത് രാജ്യത്തുടനീളം വ്യാപനം മന്ദഗതിയിലായതിന്റെ സൂചയാണെന്ന് ഗവേഷകർ പറഞ്ഞു.
ഏറ്റവും കൂടുതൽ സജീവ രോഗികളുള്ള മഹാരാഷ്ട്രയിലെയും കേരളത്തിലെയും ആർ വാല്യു ഒന്നിൽ താഴെ ആണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ രണ്ടു സംസ്ഥാനങ്ങളെ സംബന്ധിച്ചും ആശ്വാസം നൽകുന്നതാണ് ഇത്.
എന്നാൽ, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ ആർ വാല്യു ഇപ്പോഴും ഒന്നിനു മുകളിലാണ്. ഡെൽഹി, പൂണെ എന്നീ നഗരങ്ങളിൽ ഇത് ഒന്നിൽ താഴെയാണ്.
രോഗബാധിതനായ ഒരാൾ ശരാശരി എത്ര പേർക്ക് രോഗം നൽകുന്നു എന്നതിനെയാണ് പ്രത്യുത്പാദന സംഖ്യ അല്ലെങ്കിൽ ആർ എന്നത് സൂചിപ്പിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വൈറസ് എത്രത്തോളം ‘കാര്യക്ഷമമായി’ വ്യാപിക്കുന്നു എന്ന് ഇത് വ്യകതമാക്കുന്നു.