ന്യൂ ഡെൽഹി: സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിൽ വ്യോമസേനാ ഫ്ളൈറ്റ് ലെഫ്റ്റനന്റിനെ കോർട്ട് മാർഷൽ നടപടിക്ക് വിധേയനാക്കും. തമിഴ്നാട് പോലീസും വ്യോമസേനയും തമ്മിലുള്ള തർക്കത്തിനൊടുവിൽ കോയമ്പത്തൂർ കോടതിയാണ് കേസിൽ കോർട്ട് മാർഷൽ നടപടിക്ക് അനുമതി നൽകിയത്.
കേസിൽ വ്യോമസേനയുടെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി പോലീസിനെ സമീപിച്ചതാണ് തർക്കത്തിനിടയാക്കിയത്. പ്രതി സേനാംഗമായതിനാൽ കോർട്ട് മാർഷലിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വ്യോമസേന കോടതിയെ സമീപിച്ചു. പ്രതിയെ ജയിലിലടക്കാൻ തമിഴനാട് പോലീസിന് അനുമതിയില്ലെന്നും വ്യോമസേന കോടതിയിൽ വാദിച്ചു.
ചത്തീസ്ഗഢ് സ്വദേശിയായ പ്രതി തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ചാണ് പിടിയിലായത്. കോയമ്പത്തൂരിലെ റെഡ്ഫീൽഡ്സിലെ വ്യോമസേന അഡ്മിനിസ്ട്രേറ്റീവ് കോളേജിലെ തന്റെ മുറിയിൽ വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. പരിശീലനത്തിനായാണ് ഇവർ കോയമ്പത്തൂർ എയർഫോഴ്സ് കോളേജിലേക്കെത്തിയത്. വ്യോമസേനയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ പരാതി പിൻവലിക്കാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. പരാതി നൽകാൻ ശ്രമിച്ചപ്പോൾ വ്യോമസേനയുടെ ഭാഗത്തുനിന്ന് തന്നെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് ഉണ്ടായതെന്നും വ്യോമസേനയുടെ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് പോലീസിൽ സമീപിച്ചതെന്നും പരാതിക്കാരി പറഞ്ഞിരുന്നു.
ഒരു കായിക മത്സരത്തിനിടെ പരിക്കേറ്റ് മുറിയിലെത്തി മരുന്ന് കഴിച്ച് ഉറങ്ങുകയായിരുന്നുവെന്നും പീന്നീട് ഉണരുമ്പോൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസിലായെന്നും വനിത ഉദ്യോഗസ്ഥ പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് അവർ വ്യോമസേനയ്ക്കും പിന്നീട് പോലീസിനും പരാതി നൽകുകയായിരുന്നു. വ്യോമസേന പരാതി കൈകാര്യം ചെയ്ത രീതിയിൽ അതൃപ്തിയുണ്ടെന്ന് വനിതാ ഉദ്യോഗസ്ഥ് പറഞ്ഞതിനാലാണ് പോലീസ് നടപടിയുമായി മുന്നോട്ട് പോയതെന്ന് കോയമ്പത്തൂർ പോലീസ് അവകാശപ്പെട്ടിരുന്നു. നഗരത്തിലെ ഗാന്ധിപുരം പോലീസ് സ്റ്റേഷനിൽ നിന്നുള്ള വനിതാ പോലീസ് സംഘമാണ് കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത്.