കൊച്ചി: മോൻസൻ്റെ മ്യൂസിയത്തിലെ ശീൽപ്പങ്ങളും വിഗ്രഹങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ടീമാണ്
വസ്തുക്കൾ പിടിച്ചെടുത്തത്. ശിൽപ്പി സുരേഷ് മോൻസന് നിർമ്മിച്ച് നൽകിയ എട്ട് ശിൽപ്പങ്ങളും വിഗ്രഹങ്ങളും റെയ്ഡിൽ കണ്ടെത്തി. പുലർച്ചയോടെ ആണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. സുരേഷ് നൽകിയ പരാതി അന്വേഷിക്കുകയാണെന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് പ്രതികരിച്ചു.
മോൻസന് 9 വസ്തുക്കൾ സുരേഷ് കൈമാറിയിട്ടുണ്ട്. 80 ലക്ഷം രൂപ വാഗ്ദാനം ചെയ്തിടത്ത് സുരേഷിന് കിട്ടിയത് പക്ഷേ 7 ലക്ഷം മാത്രമാണ്.
താൻ നിർമ്മിച്ച ശിൽപ്പങ്ങളാണ് പുരാതന ശിൽപങ്ങളായി മോൻസ് പ്രചരിപ്പിച്ചതെന്ന് ശിൽപ്പി സുരേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുമ്പിൾ തടിയിൽ നിർമ്മിച്ച ശിൽപ്പങ്ങളാണിവ. ഇവയാണ് ചന്ദനമരത്തിൽ തീർത്ത ശിൽപ്പങ്ങളെന്ന് പറഞ്ഞ് പറ്റിച്ചത്. വിശ്വരൂപം, മറിയ തുടങ്ങിയ ശിൽപ്പങ്ങളാണ് സുരേഷ് കൈമാറിയത്. പണം കിട്ടാതെ വന്നതോടെ വൻ സാമ്പത്തിക ബാധ്യതയുണ്ടായി.
താൻ ഹ്യദ്രോഗിയായി മാറിയെന്നും സുരേഷ് പറഞ്ഞിരുന്നു.
ശിൽപ്പങ്ങൾ തിരികെ വേണമെന്നാണ് സുരേഷിന്റെ ആവശ്യം. ഇനി പണം കിട്ടുമെന്ന് കരുതുന്നില്ല. തന്റെ അനുവാദമില്ലാതെ വിശ്വരൂപം ശിൽപ്പത്തിന് പെയിന്റടിച്ചു മാറ്റിയെന്നും പണത്തിനായി പല പ്രാവശ്യം കൊച്ചിയിലെ വീട്ടിൽ പോയിരുന്നുവെന്നും സുരേഷ് പറഞ്ഞിരുന്നു. അറസ്റ്റിലാകുന്നതിന് അഞ്ചു ദിവസം മുമ്പും വീട്ടിലെത്തി മോൻസനെ സുരേഷ് കണ്ടു. രണ്ട് ദിവസത്തിനകം പണം നൽകാമെന്നാണ് അപ്പോൾ പറഞ്ഞത്.