പുരാവസ്തുവിന്റെ പേരില്‍ കോടിക്കണക്കിന് രൂപ തട്ടിച്ചെന്ന കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്റെ കൈവശമുള്ള പുരാവസ്തുക്കളെ കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം പറ്റിച്ച മോന്‍സന്‍ മാവുങ്കല്‍ രണ്ട് സിനിമാനടികളുടെ വിവാഹച്ചെലവുകളും സ്വന്തം കീശയില്‍ നിന്നെടുത്തി നടത്തിയതായും റിപോര്‍ട്.
വിവാഹത്തിന് പുറമേ കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോടെലുകളിലായി പല ഉന്നതരുടേയും പിറന്നാള്‍ ആഘോഷങ്ങളും പുതുവര്‍ഷാഘോഷങ്ങളും മോന്‍സന്‍ സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം പരിപാടികളില്‍ സിനിമാതാരങ്ങളും പൊലീസ് ഉന്നതരും വരെ പങ്കെടുത്തിരുന്നുവെന്നും റിപോര്‍ടുകളില്‍ പറയുന്നു.
ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ആഘോഷ പരിപാടികള്‍ക്കായി മോന്‍സന്‍ ചെലവാക്കിയത്. വജ്രവ്യാപാരി, അതീവ സുരക്ഷയിലുള്ള വിവിഐപി എന്നിങ്ങനെയാണ് പല ഹോടെലുകളിലും മോന്‍സന്‍ മാവുങ്കലിനെ കൂടെയുള്ളവര്‍ പരിചയപ്പെടുത്തിയിരുന്നത്. എല്ലാ രംഗത്തേയും പ്രമുഖരുമായും വിപുലമായ ബന്ധം സൂക്ഷിക്കാനായി പണം ധൂര്‍ത്തടിക്കുന്നതും ആര്‍ഭാടജീവിതം നയിക്കുന്നതുമായിരുന്നു മോന്‍സന്റെ രീതി.
അതേസമയം മോന്‍സന് കേരളത്തില്‍ ഭൂമിയില്‍ നിക്ഷേപം കുറവാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇയാള്‍ക്ക് നിക്ഷേപമുണ്ടോ എന്ന കാര്യത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.
മോന്‍സന്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തു ശേഖരത്തിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇല്ലാക്കഥകള്‍ പറഞ്ഞാണ് മോന്‍സന്‍ പല പ്രമുഖരെ ഉള്‍പെടെ വലയില്‍ വീഴ്ത്തിയത്. സ്വന്തം സ്ഥാപനത്തിന്റെ സീല്‍ അല്ലാതെ ആധികാരിക രേഖകളൊന്നുംതന്നെ ഇയാളുടെ കൈവശമില്ല.
അതിനിടെ മോന്‍സന്‍ മാവുങ്കലിന്റെ മൂന്നുദിവസത്തെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. കസ്റ്റഡി നീട്ടണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നത്. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മോന്‍സനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌കാരം ടി വി കേസ്, ശില്‍പി സുരേഷിന്റെ കേസ് എന്നിവയിലാണ് കസ്റ്റഡി ആവശ്യം.