കൊല്‍ക്കത്ത: ഭവാനിപ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മിന്നും ജയം. 58389 വോട്ടിനാണ് ബി ജെ പി നേതാവ് പ്രിയങ്ക ട്രിബ്രവാളിനെ മമത പരാജയപ്പെടുത്തിയത്. സി പി എം സ്ഥാനാര്‍ത്ഥി ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിച്ച മമതാ ബാനര്‍ജി ബി ജെ പി നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥാനം ഒഴിയേണ്ടിവരുമായിരുന്നു. മമതയെ തോല്‍പ്പിക്കാന്‍ ബി ജെ പി ശക്തമായ പ്രചരണമാണ് നടത്തിയത്. അതൊന്നും ഫലിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
ഭവാനിപൂര്‍, സംസര്‍ഗാനി, ജംഗിപൂര്‍ എന്നവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ നടത്തേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പ് ബംഗാളില്‍ കൊവിഡ് രൂക്ഷമായതിനാല്‍ നീണ്ടുപോകുകയായിരുന്നു.