ലക്‌നൗ: ലഖിംപൂരിലെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ശ്രിനിവാസ് ബി വി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.പ്രിയങ്ക ഗാന്ധിയെ സീതാപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.യുപിയില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക.
ഇന്ന് പുലര്‍ച്ചെയാണ് പ്രിയങ്ക ഗാന്ധി ലഖിംപൂരിലെത്തിയത്. ‘ഇത് കര്‍ഷകരുടെ രാജ്യമാണെന്നും, കര്‍ഷകരെ കാണുന്നതിന് എന്തിനാണ് തടയുന്നതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. കര്‍ഷകരുടെ ശബ്ദം കൂടുതല്‍ ശക്തമാവുമെന്നും അവര്‍ പ്രതികരിച്ചു.
ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പടെ എട്ട് പേരാണ് മരിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു. സമരക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. ഈ വാഹനമോടിച്ചത് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന് ആശിഷ് മിശ്രയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അജയ് കുമാര്‍ മിശ്ര ഇത് നിഷേധിച്ചു. തന്റെ മകന് സംഭവസ്ഥലത്ത് ഇല്ലായിരുന്നെന്നും, മറ്റ് ചിലരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും.അജയ് മിശ്ര രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. രാവിലെ 10 മുതല്‍ 1 മണി വരെ രാജ്യത്തെ എല്ലാ കളക്ടറെറ്റുകളും കര്‍ഷകര്‍ ഉപരോധിക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് സമരത്തിന് ആഹ്വാനം നല്‍കിയത്.