ലഖ്‌നോ | ഉത്തര്‍പ്രദേശിലെ ലംഖിപുരില്‍ കര്‍ഷകരുടെ പ്രതിഷേധ സ്ഥലത്തേക്ക് കാറോടിച്ച് കയറ്റി നാല് കര്‍ഷകരെ കൊന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇദ്ദേഹമടക്കം 14 പേര്‍ക്കെതിരെയാണ് എഫ് ഐ ആര്‍ രേഖപ്പെടുത്തിയത്. നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടതിന് പുറമതെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ നാല് പേര്‍കൂടി കൊല്ലപ്പെട്ടിരുന്നു.കര്‍ഷകരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ കാറുകളിലൊന്ന് ഓടിച്ചിരുന്നത് ആശിഷ് മിശ്രയാണെന്നാണ് കര്‍ഷകരുടെ ആരോപണം.
അതേസമയം, ലംഖിപുരിലെത്തിയ എ ഐ സി സി ജനല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ കാല്‍നടയായി ഇവിടെ സന്ദര്‍ശിക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലംഖിപുരില്‍ വലിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ ആരേയും പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. പോലീസിന്റെ നിയന്ത്രണത്തിലാണ് പ്രദേശം.
ലംഖിപുരില്‍ അതിര്‍ത്തിയടച്ച പോലീസ് ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിക്ക് പുറമെ ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. രാജ്യവ്യാപകമായി വിഷയത്തില്‍ കര്‍ഷകര്‍ ഇന്ന് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.