കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്രക്കേസിൽ വിചാരണ പൂർത്തിയായി. ഈ മാസം പതിനൊന്നിന് കേസിൽ വിധി പ്രസ്താവം നടത്തും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. ഉത്രയെ ഭർത്താവ് സൂരജ് മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.
ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്‍റെ അന്തിമ വാദം നടന്നത്. പാമ്പ് ഉത്രയെ കേറി കൊത്തിയെന്ന സൂരജിന്റെ വാദത്തെ നിരാകരിക്കാൻ ശാസ്ത്രീയ തെളിവുകളും പരീക്ഷണങ്ങളും വിദഗ്ദ്ധസമിതി റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു.
മൂന്ന് മൂർഖൻ പാമ്പുകളെ ഉപയോഗിച്ചാണ് പൊലീസ് ഡമ്മി പരിശോധന നടത്തിയത്. കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ടായിരുന്നു ആദ്യ പരിശോധന. പക്ഷേ ഡമ്മിയില്‍ പാമ്പ് കൊത്തിയില്ല. പിന്നീട് ഡമ്മിയുടെ വലം കയ്യില്‍ കോഴിയിറച്ചി കെട്ടിവച്ച ശേഷം പാമ്പിനെ പ്രകോപിപ്പിച്ചു. എന്നിട്ടും പാമ്പ് കടിച്ചില്ല. ഇറച്ചി കെട്ടിവച്ച ഡമ്മിയുടെ വലം കൈ കൊണ്ട് പാമ്പിനെ തുടര്‍ച്ചയായി അമര്‍ത്തി നോക്കിയപ്പോള്‍ മാത്രമായിരുന്നു പാമ്പ് ഡമ്മിയില്‍ കടിച്ചത്.
ഈ കടിയില്‍ ഇറച്ചി കഷണത്തിലുണ്ടായ മുറിവില്‍ പാമ്പിന്‍റെ പല്ലുകള്‍ക്കിടയിലുണ്ടായ ദൂരം 1.7 സെന്‍റി മീറ്ററാണെന്നും വ്യക്തമായി. പിന്നീട് പാമ്പിന്‍റെ ഫണത്തില്‍ മുറുക്കെ പിടിച്ച് ഡമ്മിയില്‍ കടിപ്പിച്ചു. ഈ കടിയില്‍ പല്ലുകള്‍ക്കിടയിലെ ദൂരം 2 സെന്‍റി മീറ്ററിലധികമായി ഉയര്‍ന്നു. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ ആഴവും രണ്ട് മുതല്‍ രണ്ട് ദശാംശം എട്ട് സെന്‍റി മീറ്റര്‍ വരെയായിരുന്നു.