മസ്കറ്റ്:ഷഹീന്‍ ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയില്‍ ഒമാനില്‍ 11 പേര്‍ മരിച്ചു. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖില്‍ ഞായറാഴ്‍ച രാത്രി തീരംതൊട്ട ഷഹീന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. വടക്ക് ബാത്തിന ഗവര്‍ണറേറ്റില്‍ ഏഴുപേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി.
ഞായറാഴ്ച മസ്കത്ത് ഗവര്‍ണറേറ്റിലെ അല്‍ അമീറാത്തിലെ വെള്ളക്കെട്ടില്‍ വീണ് ഒരു കുട്ടിയും ,റുസൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കെട്ടിടം തകര്‍ന്ന് രണ്ട് ഏഷ്യക്കാരും മരിച്ചിരുന്നു. ഒമാനിലെ വടക്ക്-തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ഞായറാഴ്ച രാത്രി ലഭിച്ചത്.
അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ ഖാബൂറയില്‍ ശക്തമായ വെള്ളപ്പൊക്കമാണുണ്ടായത്. സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി താല്‍കാലികമായി അടച്ചു. വടക്കന്‍-തെക്കന്‍ ബാത്തിനകളിലെ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് ദിസത്തേക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ വിദ്യാലങ്ങള്‍ക്കും അവധി ബാധകമായിരിക്കും.