ക്വലാലംപുർ: സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന 11 പച്ച ആമകളെ മലേഷ്യയിൽ വേട്ടയാടി കൊന്ന നിലയിൽ കണ്ടെത്തി. ബോർണോ ദ്വീപിന്റെ മലേഷ്യൻ ഭാഗത്താണ് ആമകളുടെ ശരീരഭാഗങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
ലോകത്തെ ഏറ്റവും വലിയ കടലാമകളിലൊന്നാണ് ശരാശരി ഒന്നര മീറ്റർവരെ നീളവും 160 കിലോഗ്രാം തൂക്കവുമുള്ള പച്ച ആമകൾ. പുറംതോടിനുമാത്രം 78 മുതൽ 112 സെന്റീമീറ്റർവരെ നീളമുണ്ടാകും.
ഐ.യു.സി.എന്നിന്റെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. കടലോരത്തോട് ചേർന്നുകഴിയുന്ന നാടോടി ഗോത്രക്കാർ ആമകളെ ഭക്ഷണത്തിനായി വേട്ടയാടിയതാവാമെന്നാണ് പ്രാഥമിക നിഗമനം. സഭാ സംസ്ഥാനത്തെ സെംപോർ നഗരത്തോടു ചേർന്നാണ് സംഭവം.
സംരക്ഷിതവിഭാഗത്തിലുള്ള ആമകളെ കൊല്ലുന്നത് മലേഷ്യയിൽ ശിക്ഷാർഹമാണ്. മലേഷ്യക്കും ഇൻഡൊനീഷ്യക്കും ബ്രൂണൈയ്ക്കുമിടയിലാണ് ബോർണോ ദ്വീപുള്ളത്.