ലഖിംപുർ സംഘർഷം: കേന്ദ്ര സഹമന്ത്രിയെയും മകനെയും അറസ്റ്റ് ചെയ്യണമെന്ന് കിസാൻ മോർച്ച; പ്രക്ഷോഭം ശക്തമാക്കും

October 6, 2021
116
Views

ന്യൂ ഡെൽഹി: യുപി സർക്കാരിന് അന്ത്യശാസനവുമായി കിസാൻ മോർച്ച. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെയും മകനെയും ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.

എഫ്ഐആറിലടക്കം ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ നടപടി വൈകിപ്പിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അറസ്റ്റ് നീണ്ടാൽ കർഷക പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്ന് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.

ലഖിംപുർ സംഘർഷത്തിൽ പൊലീസ് ഇട്ട എഫ്ഐആറിൽ മന്ത്രിയുടെ മകന്റെ പേരുമുണ്ട്. കർഷകർക്ക് നേരെ ഇടിച്ച് കയറിയ വാഹനത്തിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നാണ് എഫ്ഐആർ. അപകടമുണ്ടാക്കുന്ന രീതിയിൽ ആശിഷ് വാഹനം കർഷകർക്ക് നേരെ ഓടിച്ചു.

സംഭവത്തിന് ശേഷം ആശിഷ് കരിമ്പ് തോട്ടത്തിലേക്ക് ഓടി ഒളിച്ചു. ആൾക്കൂട്ടത്തിന് നേരെ ഇയാൾ വെടിവച്ചന്നും എഫ്ഐആറിൽ പറയുന്നു. ഇതോടെ മകൻ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദമാണ് പൊളിയുന്നത്.

അതിനിടെ, അനുമതി നിഷേധിച്ചെങ്കിലും ലഖിംപുർ ഖേരി സന്ദർശിക്കാനൊരുങ്ങിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ലഖിംപുർ ഖേരിയിലും ലക്നൗവിലും നിലനിൽക്കുന്ന നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് സന്ദർശനനാനുമതി യുപി സർക്കാർ തള്ളിയത്.

രാവിലെ പത്ത് മണിക്ക് രാഹുൽ ഡെൽഹിയിൽ മാധ്യമങ്ങളെ കാണും. വൈകുന്നേരം നാല് മണിയോടെ ലഖിംപുർ ഖേരിയിലെത്തുന്ന രാഹുൽ മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നാണ് എ ഐ സി വ്യക്തമാക്കുന്നത്. ശേഷം സീതാപുരിലെത്തി പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യും.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *