ശാസ്ത്ര സാഹിത്യ പരിഷത് മുൻ ജനറൽ സെക്രട്ടറി വി കെ ശശിധരൻ അന്തരിച്ചു

October 6, 2021
124
Views

ആലപ്പുഴ: ശാസ്ത്ര സാഹിത്യ പരിഷത് മുൻ ജനറൽ സെക്രട്ടറി വി കെ ശശിധരൻ അന്തരിച്ചു. 83 വയസായിരുന്നു. കൊറോണ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ചെങ്ങന്നൂരിലെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അറിയപ്പെടുന്ന പാട്ടുകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു വി കെ ശശിധരൻ. സിനിമയ്ക്ക് വേണ്ടിയും പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രാവബോധം വളർത്തുന്ന ഗാനങ്ങൾ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചയാളാണ്.

1938 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജനിച്ചു. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം കരസ്ഥമാക്കി. മുപ്പത് വർഷക്കാലം ശ്രീ നാരായണ പോളിടെക്നിക്കിലെ അദ്ധ്യാപകനായിരുന്നു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്‌, ബാലവേദി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു.1993 ൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിൽ നിന്നും ഇലക്‌ട്രിക്കൽ വിഭാഗം മേധാവിയായി വിരമിച്ചു.

1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂർ സോമദാസൻ രചിച്ച നാലു ഗാനങ്ങൾ ‘ശിവൻശശി’ എന്ന പേരിൽ പി കെ ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് ‘തീരങ്ങൾ’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി. ഇരുവരും ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു. കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വി.കെ.എസ്. ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കാരം നൽകി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *