ന്യുഡല്‍ഹി: ലഖിംപുര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ബിജെപി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ടുകള്‍. എത്രയും വേഗം ഡല്‍ഹിയിലേക്ക് എത്താന്‍ അജയ് മിശ്രയ്ക്ക് നിര്‍ദേശം നല്‍കിയതായി ബിജെപിയിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മന്ത്രിയുടെ മകന് ആശിഷ് മിശ്രയ്ക്ക് ലഖിംപുര്‍ കൂട്ടക്കൊലയിലുള്ള പങ്ക് വെളിപ്പെടുത്തി യുപി പോലീസിന്റെ എഫ്ഐആര്‍ പുറത്തായിരുന്നു .കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ വാഹനത്തില്‍ ആശിഷും ഉണ്ടായിരുന്നതായാണ് എഫ്ഐആറില്‍ പോലീസ് വെളിപ്പെടുത്തല്‍ .ഇതിന് പിന്നാലെയാണ് അജയ് മിശ്രയ്ക്ക് ഡല്‍ഹിയില്‍ നിന്ന് വിളിയെത്തിയിരിക്കുന്നത്.
അജയ് മിശ്രയെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും സംഭവത്തില്‍ പങ്കാളിയാണെന്ന് ആരോപിക്കപ്പെടുന്ന മിശ്രയുടെ മകനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദം ഉയരുന്നതിനിടെയാണ് ബിജെപി നേതൃത്വം മന്ത്രിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. മന്ത്രിയില്‍ നിന്ന് ബിജെപി നേതൃത്വം നേരിട്ട് വിശദീകരണം തേടിയേക്കും. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്ഷീണമുണ്ടാക്കുമെന്ന ആശങ്കയുള്ളത് കൊണ്ടുതന്നെ അജയ് മിശ്രയ്ക്കെതിരെ നടപടി എടുത്ത് വിവാദം അവസാനിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് നിഗമനം .